സുരക്ഷക്ക് ഭീഷണിയായാൽ ദക്ഷിണ കൊറിയയെ പൂർണമായി നശിപ്പിക്കും : കിം ജോങ് ഉൻ
സോൾ: സുരക്ഷക്ക് ഭീഷണിയായാൽ ദക്ഷിണ കൊറിയയെ പൂർണമായി നശിപ്പിക്കുമെന്ന് ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ മുന്നറിയിപ്പ് നൽകി. ദക്ഷിണ കൊറിയയുമായി ഒരു ഒത്തുതീർപ്പിനുമില്ലെന്ന് വ്യക്തമാക്കിയ ഉൻ അമേരിക്കയുമായി സംഭാഷണത്തിനുള്ള വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും പറഞ്ഞു.
സൈനിക ശേഷി വർധിപ്പിക്കാൻ അദ്ദേഹം രാജ്യത്തെ ബന്ധപ്പെട്ട ഏജൻസികളോട് ആവശ്യപ്പെട്ടതായും ഔദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. സമുദ്രത്തിനടിയിൽനിന്ന് വിക്ഷേപിക്കാവുന്നതും ആണവ പോർമുന വഹിക്കാൻ കഴിയുന്നതുമായ ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കാനാണ് ഉത്തര കൊറിയ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതോടൊപ്പം ദക്ഷിണ കൊറിയക്ക് ഭീഷണി ഉയർത്തി ഹ്രസ്വദൂര മിസൈലുകളുടെ ശേഖരവും വർധിപ്പിക്കും.