കുട്ടികള്‍ക്ക് സോഷ്യല്‍മീഡിയ നിരോധനം ; ബില്‍ ഓസ്ട്രേലിയന്‍ ജനപ്രതിനിധി സഭ പാസാക്കി
ടിക് ടോക്, ഫേസ്ബുക്ക്, സ്നാപ് ചാറ്റ്, റെഡ്ഡിറ്റ്, എക്സ്, ഇന്‍സ്റ്റഗ്രാം എന്നിവ ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളാണ് ഓസ്ട്രേലിയയില്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ നിരോധനമേര്‍പ്പെടുത്തിയത്.
ബില്ലിനെതിരെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്.
16 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍മീഡിയ നിരോധനം നടപ്പാക്കി ഓസ്ട്രേലിയ. ടിക് ടോക്, ഫേസ്ബുക്ക്, സ്നാപ് ചാറ്റ്, റെഡ്ഡിറ്റ്, എക്സ്, ഇന്‍സ്റ്റഗ്രാം എന്നിവ ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളാണ് ഓസ്ട്രേലിയയില്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ നിരോധനമേര്‍പ്പെടുത്തിയത്. ബില്‍ ഓസ്ട്രേലിയന്‍ ജനപ്രതിനിധി സഭ പാസാക്കി.
നേരത്തെ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ രാജ്യത്ത് സജീവമായിരുന്നു. നിയമലംഘനത്തിന് 50 ദശലക്ഷം ഓസ്ട്രേലിയന്‍ ഡോളര്‍ പിഴ ചുമത്തുന്ന ബില്ലിനെ പ്രധാന പാര്‍ട്ടികള്‍ പിന്തുണച്ചു. 16 വയസ്സിന് താഴെയുള്ള കുട്ടികളെ സോഷ്യല്‍മീഡിയയില്‍ നിന്ന് നിരോധിക്കുന്ന ബില്‍ ഓസ്ട്രേലിയയിലെ ജനപ്രതിനിധി സഭ ബുധനാഴ്ചയാണ് പാസാക്കിയത്.
ഈ ആഴ്ച നിയമമാകുകയാണെങ്കില്‍ പിഴകള്‍ നടപ്പിലാക്കുന്നതിന് മുമ്പ് പ്രായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ സോഷ്യല്‍മീഡിയ പ്ലാറ്റ് ഫോമുകള്‍ക്ക് ഒരു വര്‍ഷം സമയം ലഭിക്കും.
സെനറ്റില്‍ സ്വകാര്യത സംരക്ഷിക്കുന്ന ഭേദഗതികള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചതായി പ്രതിപക്ഷ നിയമസഭാംഗം ഡാന്‍ ടെഹാന്‍ അറിയിച്ചു. സെനറ്റ് ബില്‍ വിശദമായി പിന്നീട് ചര്‍ച്ച ചെയ്യുമെന്ന് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി മിഷല്‍ റോളണ്ട് പറഞ്ഞു.
ബില്ലിനെതിരെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്.
നിരോധനം കുട്ടികളെ ഒറ്റപ്പെടുത്തുമെന്നും സോഷ്യല്‍മീഡിയയുടെ പോസിറ്റീവ് വശങ്ങള്‍ നഷ്ടപ്പെടുത്തുമെന്നും അവരെ ഡാര്‍ക്ക് വെബിലേക്ക് നയിക്കുമെന്നും വിമര്‍ശകര്‍ വാദിക്കുന്നു.