ഗായകൻ സുബിൻ ഗാർഗിന്റെ മരണം അബദ്ധത്തിൽ വെള്ളത്തിൽ വീണുള്ള മുങ്ങിമരണം ; കൊലപാതക വാദം തള്ളി സിംഗപ്പൂർ കോടതി
അസമീസ് ഗായകൻ സുബിൻ ഗാർഗിന്റെ മരണം അബദ്ധത്തിൽ വെള്ളത്തിൽ വീണുള്ള മുങ്ങിമരണമാണെന്ന് സിംഗപ്പൂർ കോടതി. മരണത്തിൽ അസ്വാഭാവികതയോ ദുരൂഹതയോ ഇല്ലെന്ന് സിംഗപ്പൂർ സ്റ്റേറ്റ് കൊറോണർ ആദം നഖോദ പുറപ്പെടുവിച്ച വിധിയിൽ വ്യക്തമാക്കി. ഇതോടെ മാസങ്ങളായി തുടരുന്ന സുബിൻ ഗാർഗ് മരണത്തിലെ തർക്കങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമായി.
2025 സെപ്റ്റംബർ 19നാണ് നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ സുബിൻ ഗാർഗ് സിംഗപ്പൂരിൽ യാട്ട് യാത്രക്കിടെ കടലിൽ വീണ് മരിച്ചത്. സംഭവസമയത്ത് ഗായകൻ കടുത്ത മദ്യലഹരിയിലായിരുന്നുവെന്നും സുരക്ഷാ കവചം ധരിക്കാൻ വിസമ്മതിച്ചിരുന്നുവെന്നും സിംഗപ്പൂർ പൊലീസ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. പൊലീസിന്റെ ഈ നിഗമനങ്ങളിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.
എന്നാൽ സുബിൻ ഗാർഗിന്റെ മരണം കൊലപാതകമാണെന്ന നിലപാടിലായിരുന്നു അസം സർക്കാർ. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ തന്നെ നേരിട്ട് രംഗത്തെത്തുകയും മരണത്തിൽ ദുരൂഹത ആരോപിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ഇന്ത്യയിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിക്കുകയും ഗായകന്റെ മാനേജർ സിദ്ധാർത്ഥ ശർമ, പരിപാടി സംഘടിപ്പിച്ച ശ്യാംകാനു മഹന്ത തുടങ്ങി ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവർക്കെതിരെ കൊലപാതക കുറ്റം ചുമത്തി കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്. സിംഗപ്പൂർ കോടതിയുടെ പുതിയ വിധി ഇന്ത്യയിലെ കേസിനെ എങ്ങനെ ബാധിക്കുമെന്നത് വരും ദിവസങ്ങളിൽ നിർണ്ണായകമാകും.