നടുക്കുന്ന ദൃശ്യം പുറത്ത്: വിമാനം റണ്‍വേയിലേക്ക് പറന്നിറങ്ങുന്നതിനിടെ വിമാനത്താവളം അടങ്ങിയ പ്രദേശത്ത് ഭൂചലനം

വലിയ നാശനഷ്ടങ്ങളോ ഗുരുതര പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

വിമാനം ആകാശത്ത് തുടരാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

 ഭൂചലനത്തെത്തുടര്‍ന്ന് ലോസ് ഏഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡെല്‍റ്റ എയര്‍ ലൈന്‍സ് വിമാനം ലാന്‍ഡിംഗ് ഉപേക്ഷിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ട സാഹചര്യത്തില്‍, വിമാനം ആകാശത്ത് തുടരാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. വലിയ നാശനഷ്ടങ്ങളോ ഗുരുതര പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


റണ്‍വേയിലേക്ക് അടുക്കുന്നതിനിടെ എയര്‍ ട്രാഫിക് കണ്‍ട്രോളറും പൈലറ്റുമാരും തമ്മിലുള്ള സംഭാഷണം LAX-ലെ ലൈവ് സ്ട്രീം വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്. ഭൂചലനം ഉണ്ടായപ്പോള്‍ ക്യാമറ കുലുങ്ങുന്നതും പശ്ചാത്തലത്തില്‍ കാറുകളുടെ അലാറം മുഴങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. 'ഡെല്‍റ്റ 1972, ഗോ എറൗണ്ട്. നമുക്കിവിടെ വലിയൊരു ഭൂചലനം ഉണ്ടായിട്ടുണ്ട്' - എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ പൈലറ്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ലാന്റ് ചെയ്യാനൊരുങ്ങിയ ഡെല്‍റ്റ ഫ്‌ലൈറ്റ് 1972 ഇതോടെ ലാന്‍ഡിംഗ് ഉപേക്ഷിച്ച് ഉയര്‍ന്നുപൊങ്ങി. പിന്നീട് ഒരു മണിക്കൂറും 13 മിനിറ്റും വൈകിയാണ് വിമാനം ലാന്റ് ചെയ്തത്