നാട്ടിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന; ബംഗ്ലാദേശില്‍ കാലുകുത്തിയാലുടന്‍ അറസ്റ്റ് ചെയ്യുമെന്ന് മന്ത്രി
നാട്ടിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന; ബംഗ്ലാദേശില്‍ കാലുകുത്തിയാലുടന്‍ അറസ്റ്റ് ചെയ്യുമെന്ന് മന്ത്രി
ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ എത്തുന്ന നിമിഷം അവരെ അറസ്റ്റ് ചെയ്യുമെന്നാണ് മന്ത്രിയായ അസദുസ്സമാന്റെ നിലപാട്.
'ഞാന്‍ കൊല്ലപ്പെട്ടേക്കാം, അല്ലെങ്കില്‍ ഞാന്‍ അറസ്റ്റിലായേക്കാം, എന്നെ ജയിലിലടയ്ക്കാം. എന്റെ വിധി എന്താണെന്ന് എനിക്ക് പൂര്‍ണബോധ്യമുണ്ട്. പക്ഷേ, എനിക്ക് എന്റെ രാജ്യത്തേക്ക് മടങ്ങണം
ബംഗ്ലാദേശില്‍ കാലുകുത്തിയാലുടന്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അറസ്റ്റ് ചെയ്യുമെന്ന് ബംഗ്ലാദേശ് നിയമവകുപ്പ് മന്ത്രി എം അസദുസ്സമാന്‍. ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന കഴിഞ്ഞദിവസം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ബംഗ്ലാദേശ് മന്ത്രി ഹസീനയെ അറസ്റ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.
ജീവന്‍ അപകടത്തിലാകുമെന്ന് ഭയമുണ്ടെങ്കിലും വരുന്ന ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് ഷെയ്ഖ് ഹസീന കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. 'ഞാന്‍ കൊല്ലപ്പെട്ടേക്കാം, അല്ലെങ്കില്‍ ഞാന്‍ അറസ്റ്റിലായേക്കാം, എന്നെ ജയിലിലടയ്ക്കാം. എന്റെ വിധി എന്താണെന്ന് എനിക്ക് പൂര്‍ണബോധ്യമുണ്ട്. പക്ഷേ, എനിക്ക് എന്റെ രാജ്യത്തേക്ക് മടങ്ങണം. കാരണം ജനങ്ങള്‍ എന്നെ വിളിക്കുന്നുണ്ട്', ഷെയ്ഖ് ഹസീന പറഞ്ഞു.
അതേസമയം, ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ എത്തുന്ന നിമിഷം അവരെ അറസ്റ്റ് ചെയ്യുമെന്നാണ് മന്ത്രിയായ അസദുസ്സമാന്റെ നിലപാട്. അവര്‍ക്ക് തിരികെ വരാന്‍ അവകാശമുണ്ട്. പക്ഷേ, നിയമം നിയമത്തിന്റെ വഴിക്ക് പോകും. നിയമത്തെ ലംഘിച്ച് ഒന്നും ചെയ്യാനാകില്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശി പൗരയാണ് അവര്‍. ഇനി നിയമത്തെ മാനിച്ച് നാട്ടില്‍ തിരിച്ചെത്തി കീഴടങ്ങാനാണ് ഉദ്ദേശിക്കുന്നതെങ്കിലും അതിനുമുന്‍പേ അവരെ ഞങ്ങള്‍ അറസ്റ്റ് ചെയ്യും. അവര്‍ എപ്പോള്‍ രാജ്യത്ത് പ്രവേശിക്കുന്നുവോ ആ സമയം നിയമം ഞങ്ങള്‍ക്ക് നല്‍കിയിട്ടുള്ള അധികാരം ഞങ്ങള്‍ പ്രയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.