നാട്ടിലേക്ക് മടങ്ങാനിരിക്കെ ഷെയ്ഖ് ഹസീനയ്ക്ക് തിരിച്ചടി; ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദീന്‍ രാജിവച്ചു

അടുത്തിടെ നടത്തിയ വൈദ്യപരിശോധനയില്‍ തനിക്ക് ഓട്ടോണമിക് ന്യൂറോപ്പതി എന്ന രോഗാവസ്ഥയുണ്ടെന്ന് കണ്ടെത്തിയെന്ന് ഷഹാബുദ്ദീന്‍ പറയുന്നു.

 

അഞ്ച് മാസത്തിന് ശേഷം രാജ്യത്തേക്ക് മടങ്ങാന്‍ പദ്ധതിയിടുന്ന ഷെയ്ഖ് ഹസീനയ്ക്ക് ഇതോടെ ഭരണതലത്തില്‍ വേണ്ടപ്പെട്ടവരാരും ഇല്ലാത്ത അവസ്ഥയായി.

പുറത്താക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അടുത്തയാളും ബംഗ്ലാദേശ് പ്രസിഡന്റുമായ മുഹമ്മദ് ഷഹാബുദ്ദീന്‍ പദവി രാജിവെച്ചു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജിയെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. 76-കാരനായ ഷഹാബുദ്ദീന്‍ 2023 ഏപ്രില്‍ മുതല്‍ ബംഗ്ലാദേശിന്റെ പ്രസിഡന്റാണ്. 2024-ല്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് അഭയം പ്രാപിച്ചതിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളിലും പ്രസിഡന്റായി തുടര്‍ന്നു.


അടുത്തിടെ നടത്തിയ വൈദ്യപരിശോധനയില്‍ തനിക്ക് ഓട്ടോണമിക് ന്യൂറോപ്പതി എന്ന രോഗാവസ്ഥയുണ്ടെന്ന് കണ്ടെത്തിയെന്ന് ഷഹാബുദ്ദീന്‍ പറയുന്നു. ഈ രോഗം കാരണം ഇടയ്ക്കിടെ പെട്ടെന്ന് ബോധക്ഷയം ഉണ്ടാകാറുണ്ടെന്നും ഷഹാബുദ്ദീന്‍ തന്റെ പ്രസ് സെക്രട്ടറി വഴി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അഞ്ച് മാസത്തിന് ശേഷം രാജ്യത്തേക്ക് മടങ്ങാന്‍ പദ്ധതിയിടുന്ന ഷെയ്ഖ് ഹസീനയ്ക്ക് ഇതോടെ ഭരണതലത്തില്‍ വേണ്ടപ്പെട്ടവരാരും ഇല്ലാത്ത അവസ്ഥയായി. 2024-ലെ പ്രക്ഷോഭത്തിന് ശേഷം ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടി രാജ്യത്ത് നിരോധിക്കപ്പെടുകയും പ്രമുഖ നേതാക്കളും പ്രവര്‍ത്തകരും ജയിലിലാകുകയോ ഒളിവില്‍ പോകുകയോ ചെയ്തു