ഹോർമുസ് കടലിടുക്കിലെ സുരക്ഷ ;  നാവിക സഖ്യത്തിൽ ചേരാൻ വിസമ്മതിച്ച സഖ്യകക്ഷികളെ തള്ളി ട്രംപ് , അമേരിക്കയ്ക്ക് ആരുടെയും സഹായം വേണ്ട’

ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി രൂപീകരിക്കുന്ന നാവിക സഖ്യത്തിൽ ചേരാൻ വിസമ്മതിച്ച സഖ്യകക്ഷികളെ തള്ളി ഡൊണാൾഡ് ട്രംപ്. ഈ പ്രധാന എണ്ണപ്പാത സംരക്ഷിക്കാൻ അമേരിക്കയ്ക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ‘

 

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി രൂപീകരിക്കുന്ന നാവിക സഖ്യത്തിൽ ചേരാൻ വിസമ്മതിച്ച സഖ്യകക്ഷികളെ തള്ളി ഡൊണാൾഡ് ട്രംപ്. ഈ പ്രധാന എണ്ണപ്പാത സംരക്ഷിക്കാൻ അമേരിക്കയ്ക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങൾ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണ്, ഏറ്റവും കരുത്തുറ്റ സൈന്യം ഞങ്ങളുടേതാണ്,’ എന്ന് പറഞ്ഞ ട്രംപ്, നാറ്റോ അംഗങ്ങൾ കൂട്ടുത്തരവാദിത്തം കാണിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി.

രണ്ട് ദിവസം മുൻപാണ് ഹോർമുസ് കടലിടുക്കിലേക്ക് യുദ്ധക്കപ്പലുകൾ വിന്യസിക്കാൻ ട്രംപ് സഖ്യരാജ്യങ്ങളോട് ആവശ്യപ്പെട്ടത്. എന്നാൽ ജർമ്മനി, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ ഈ ആവശ്യം നിരാകരിച്ചു. സഖ്യകക്ഷികളുടെ ഈ നിഷേധാത്മക നിലപാട് നാറ്റോയുടെ ഭാവിക്ക് വലിയ ദോഷം ചെയ്യുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. തുടക്കത്തിൽ യുദ്ധക്കപ്പലുകൾ അയക്കാൻ വിസമ്മതിക്കുകയും പിന്നീട് യുദ്ധം ഏകദേശം അവസാനിക്കാറായപ്പോൾ മാത്രം സഹായം വാഗ്ദാനം ചെയ്യുകയും ചെയ്ത യുകെയുടെ നിലപാടിനെയും അദ്ദേഹം ശക്തമായി വിമർശിച്ചു.

ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ യുദ്ധക്കപ്പലുകൾ അയക്കാതിരിക്കാൻ പ്രധാനമായും ചൂണ്ടിക്കാണിച്ചത് സംഘർഷം വർദ്ധിക്കാനുള്ള സാധ്യതയാണ്. സൈനിക നീക്കത്തിന് പകരം നയതന്ത്ര ചർച്ചകൾക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് അവർ വ്യക്തമാക്കി. സ്വന്തം രാജ്യത്തെ നിയമപരമായ തടസ്സങ്ങളാണ് ജർമ്മനി ചൂണ്ടിക്കാട്ടിയത്. പോളണ്ട്, ബെൽജിയം തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും മേഖലയിലെ സ്ഥിരത ഉറപ്പാക്കാനായി ചർച്ചകൾക്കാണ് ഊന്നൽ നൽകിയത്.

സഖ്യകക്ഷികൾ അമേരിക്കയെ എത്രത്തോളം പിന്തുണയ്ക്കുമെന്ന് പരീക്ഷിക്കാനാണ് താൻ സഹായം തേടിയതെന്ന് ട്രംപ് വെളിപ്പെടുത്തി. ‘എനിക്ക് അവരുടെ ആവശ്യം ഉള്ളതുകൊണ്ടല്ല, മറിച്ച് അവർ എങ്ങനെ പ്രതികരിക്കുന്നു എന്ന് അറിയാനാണ് ഞാൻ ഇത് ചെയ്തത്,’ എന്ന് അദ്ദേഹം പറഞ്ഞു. സഖ്യകക്ഷികളുടെ സുരക്ഷയ്ക്കായി അമേരിക്ക വലിയ തുക ചിലവഴിക്കുന്നുണ്ടെന്നും അവരുടെ പ്രതികരണത്തിൽ താൻ സന്തുഷ്ടനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുകെയുടെ നിലപാടിൽ താൻ വലിയ നിരാശനാണെന്നും ട്രംപ് വ്യക്തമാക്കി.

ഫെബ്രുവരി 28 മുതലാണ് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ശക്തമായ സൈനിക നടപടി ആരംഭിച്ചത്. ഇതിന് പ്രതികാരമായി ഇറാൻ ഇസ്രയേലിന് നേരെയും പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെയും ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഇതോടെ സംഘർഷം മേഖലയിലാകെ വ്യാപിക്കുന്ന സാഹചര്യമാണുണ്ടായത്.