യമനുമേലുള്ള ഉപരോധം തുടരാനുള്ള സൗദി അറേബ്യയുടെ നീക്കം സ്വന്തം സാമ്പത്തിക ഭദ്രതയെ പ്രതികൂലമായി ബാധിക്കും -ഹൂതികൾ

 

 സൻആ: യമനുമേലുള്ള ഉപരോധം തുടരാനുള്ള സൗദി അറേബ്യയുടെ നീക്കം സ്വന്തം സാമ്പത്തിക ഭദ്രതയെ പ്രതികൂലമായി ബാധിക്കുമെന്ന് ഹൂതി ഭരണകൂടത്തിലെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അബ്ദുൽവാഹിദ് അബു റാസ്. അധിനിവേശ നീക്കങ്ങളിൽ അമേരിക്കയെ ആശ്രയിച്ച് ലക്ഷ്യം കാണാൻ സാധിക്കാതെ പോയ സൗദി, പ്രാദേശിക ഉപഗ്രഹങ്ങളെയും ഏജന്റുമാരെയും ഉപയോഗിച്ച് ലക്ഷ്യം നേടാമെന്ന വ്യാമോഹത്തിലാണെന്നും അത് പരാജയപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൂതി വാർത്താ ഏജൻസിയായ ‘സബ’ക്ക് നൽകിയ പ്രസ്താവനയിലാണ് അബു റാസിന്റെ പ്രതികരണം. ‘അമേരിക്ക തങ്ങളുടെ സർവ്വ സന്നാഹങ്ങളും അഹങ്കാരവും ഉപയോഗിച്ച് ശ്രമിച്ചിട്ടും യമൻ ജനതയെ കീഴടക്കാൻ കഴിഞ്ഞില്ല. ഇതിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ സൗദി ഭരണകൂടം തയ്യാറായിട്ടില്ല’-അദ്ദേഹം പറഞ്ഞു.

യമന് മേൽ ഉപരോധം ഏർപ്പെടുത്തുന്നതിലൂടെയും രാജ്യത്തിന്റെ വിഭവങ്ങൾ ചൂഷണം ചെയ്യുന്നതിലൂടെയും സാമൂഹിക അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നതിലൂടെയും സൗദി സ്വന്തം സമ്പദ്‌വ്യവസ്ഥയെയാണ് അപകടത്തിലാക്കുന്നതെന്നും അബു റാസ് മുന്നറിയിപ്പ് നൽകി. അതേസമയം, സൗദി അറേബ്യയിലേക്കുള്ള കയറ്റുമതി തടയുന്നതിനായി ഹൂതികൾ സമുദ്ര ഉപരോധം പ്രഖ്യാപിച്ചതിനെ തുടർന്ന് യമൻ തീരത്തുകൂടിയുള്ള ചെങ്കടൽ കപ്പൽ ഗതാഗതം കഴിഞ്ഞ ആഴ്ച മുതൽ കടുത്ത തടസ്സങ്ങൾ നേരിടുകയാണ്.

സൗദിയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ അതി ശക്തവും സമഗ്രവുമായ തിരിച്ചടിയുണ്ടാകുമെന്നും ഹൂതി സൈനിക വക്താവ് യഹ്‍യാ സരീ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ആഴ്ച സൻആ വിമാനത്താവളത്തിന് നേരെ സൗദി അറേബ്യ വ്യോമാക്രമണം നടത്തിയെന്ന് ആരോപിച്ച് ഹൂതികൾ സൗദി ലക്ഷ്യമാക്കി മിസൈലുകൾ അയച്ചിരുന്നു. ഇത് വർഷങ്ങളായി നിലനിന്നിരുന്ന ശാന്തത തകർത്തു. ആരോപണത്തിൽ സൗദി മൗനം പാലിച്ചെങ്കിലും ആക്രമണത്തിന്റെ ഉത്തരവാദിത്തം യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാർ ഏറ്റെടുത്തു. ഇറാനിയൻ വിമാനം ഇറങ്ങുന്നത് തടയാനാണ് വിമാനത്താവളത്തിന് നേരെ ആക്രമണം നടത്തിയത് എന്നാണ് അവരുടെ വിശദീകരണം.

അതേസമയം, യമൻ ജനതക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്നുവെന്നും സമുദ്ര നാവിഗേഷന് തടസ്സം സൃഷ്ടിക്കുന്നുവെന്നുമുള്ള ഹൂതികളുടെ ആരോപണങ്ങളെ തള്ളി സൗദി അറേബ്യയും രംഗത്ത് എത്തിയിരുന്നു. യമന് പൂർണ പിന്തുണ വാഗ്ദാനം ചെയ്ത സൗദി അറേബ്യ, അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി തങ്ങളുടെ കപ്പലുകളെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വ്യക്തമാക്കി.

യമനിലെ നിയമാനുസൃത സർക്കാറുമായി ചേർന്ന് വികസന പദ്ധതികൾ, വൈദ്യുതി നിലയങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ഇന്ധന വിതരണം എന്നിവയിലൂടെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി യമൻ ജനതയുടെ ദുരിതമകറ്റാൻ സൗദി അറേബ്യ നിരന്തരം പ്രവർത്തിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.