പുതിയ പരിഷ്‌കരണവുമായി ആർബിഐ                                             

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റൽ പേയ്മെന്റുകൾക്കായി ഏകീകൃത ഇ-മാൻഡേറ്റ് ചട്ടക്കൂട് അവതരിപ്പിച്ചു. ഇത് ഉടനടി പ്രാബല്യത്തിൽ വരും. പുതിയ ചട്ടക്കൂട് അനുസരിച്ച്, 15,000 രൂപ വരെയുള്ള ആവർത്തിച്ചുള്ള ഇടപാടുകൾക്ക് (recurring transactions) ഇനി മുതൽ ഒടിപി പോലുള്ള അധിക പരിശോധനകൾ ആവശ്യമില്ല.

 

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റൽ പേയ്മെന്റുകൾക്കായി ഏകീകൃത ഇ-മാൻഡേറ്റ് ചട്ടക്കൂട് അവതരിപ്പിച്ചു. ഇത് ഉടനടി പ്രാബല്യത്തിൽ വരും. പുതിയ ചട്ടക്കൂട് അനുസരിച്ച്, 15,000 രൂപ വരെയുള്ള ആവർത്തിച്ചുള്ള ഇടപാടുകൾക്ക് (recurring transactions) ഇനി മുതൽ ഒടിപി പോലുള്ള അധിക പരിശോധനകൾ ആവശ്യമില്ല.

പുതിയ അപ്‌ഡേറ്റ് അനുസരിച്ച് ഉപയോക്താക്കൾക്ക് 'അഡീഷണൽ ഫാക്ടർ ഓതന്റിക്കേഷൻ' (AFA) ഉപയോഗിച്ച് ഒരു തവണ ഇ-മാൻഡേറ്റ് രജിസ്റ്റർ ചെയ്യാം. ഒരിക്കൽ ഇത് അംഗീകരിക്കപ്പെട്ടാൽ 15,000 രൂപ വരെയുള്ള ആവർത്തിച്ചുള്ള പേയ്മെന്റുകൾ ഒടിപി ഇല്ലാതെ തന്നെ ഓട്ടോമാറ്റിക്കായി നടക്കും. അതായത് ഇനിമുതൽ ഓരോ തവണയും ഒടിപി ആവശ്യമില്ല. എന്നാൽ ഈ പരിധിക്ക് മുകളിലുള്ള ഇടപാടുകൾക്ക് ആധികാരികത ഉറപ്പാക്കുന്നതിനുള്ള പരിശോധനകൾ തുടരുമെന്ന് ആർബിഐ വ്യക്തമാക്കി.

മുൻപത്തെ എല്ലാ സർക്കുലറുകൾക്കും പകരമായിട്ടാണ് ഈ പുതിയ ചട്ടക്കൂട് . ഇത് വിവിധ പേയ്മെന്റ് സംവിധാനങ്ങളിലുടനീളം ആവർത്തിച്ചുള്ള ഇടപാടുകൾക്കായി ഏകീകൃത രൂപം നൽകുന്നു.സബ്സ്‌ക്രിപ്ഷനുകൾ, യൂട്ടിലിറ്റി ബില്ലുകൾ, ഇഎംഐകൾ (EMI) എന്നിവ പോലുള്ള ഓട്ടോ-ഡെബിറ്റ് പേയ്മെന്റുകൾ ഇത് ലളിതമാക്കുന്നു. അതേസമയം, ഉയർന്ന മൂല്യമുള്ള ഇടപാടുകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി അധിക വെരിഫിക്കേഷൻ നിലനിർത്തുകയും ചെയ്തിട്ടുണ്ട്.

ആഭ്യന്തര ഇടപാടുകൾക്ക് പുറമെ ആവർത്തിച്ചുള്ള അന്താരാഷ്ട്ര പേയ്മെന്റുകളെയും (cross-border recurring payments) ഇതിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ആവർത്തിച്ചുള്ള ഇടപാടുകൾക്കായി ഇ-മാൻഡേറ്റ് സൗകര്യം ഉപയോഗിക്കുന്നതിന് ഉപഭോക്താക്കളിൽ നിന്ന് അധിക നിരക്കുകൾ ഈടാക്കരുതെന്ന് ബാങ്കുകൾക്ക് ആർബിഐ നിർദ്ദേശവും നൽകി.

ചില സാമ്പത്തിക വിഭാഗങ്ങൾക്ക് ഇ ആർബിഐ ഇളവ് നൽകിയിട്ടുണ്ട്. ഇൻഷുറൻസ് പ്രീമിയം, മ്യൂച്വൽ ഫണ്ട് നിക്ഷേപം, ക്രെഡിറ്റ് കാർഡ് ബിൽ പേയ്മെന്റുകൾ എന്നിവ ഇ-മാൻഡേറ്റ് വഴി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, അധിക പരിശോധനകൾ (AFA) കൂടാതെ ഒരു ലക്ഷം രൂപ വരെ ഓട്ടോമാറ്റിക്കായി പേയ്മെന്റ് നടത്താം. ഇത്തരം പേയ്മെന്റുകളുടെ പ്രാധാന്യവും ഉയർന്ന തുകയും കണക്കിലെടുത്താണ് ഈ തീരുമാനം.