സൈനികനെ ആക്രമിച്ച പ്രതിയെ പിടിച്ചതിൽ യു.എ.ഇക്ക് നന്ദിയറിയിച്ച് പുടിൻ 

 

ദുബൈ: റഷ്യൻ സൈനിക ഉദ്യോഗസ്ഥനെ വെടിവെച്ചതായി സംശയിക്കുന്നയാളെ ദുബൈയിൽ അറസ്റ്റ് ചെയ്തതിൽ യു.എ.ഇക്ക് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ നന്ദി അറിയിച്ചു. ശനിയാഴ്ച രാത്രി യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായുള്ള ഫോൺ സംഭാഷണത്തിനിടെയാണ് പുടിൻ നന്ദി അറിയിച്ചതെന്ന് റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പിടിയിലായ റഷ്യൻ പൗരനെ ദുബൈയിൽ നിന്ന് മോസ്കോക്ക് കൈമാറിയിട്ടുണ്ട്. റഷ്യൻ സൈനിക ഇന്റലിജൻസ് ഏജൻസിയായ ജി.ആർ.യുവിന്റെ ഡെപ്യൂട്ടി മേധാവി ലഫ്. ജനറൽ വ്ലാദിമിർ അലക്സേയേവിനെ ഗുരുതരമായി പരിക്കേൽപ്പിച്ചെന്ന് സംശയിക്കുന്നയാളാണ് പിടിയിലായത്.

റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ത്രിരാഷ്ട്ര ചർച്ചകൾക്ക് യു.എ.ഇ ആതിഥേയത്വം വഹിച്ചുവരുന്നുണ്ട്. കഴിഞ്ഞ ആഴ്ച രണ്ടാംഘട്ട ചർച്ച അവസാനിച്ചിരുന്നു. ഇതിൽ റഷ്യയും യുെക്രയ്നും തമ്മിൽ 314 തടവുകാരെ കൈമാറുന്നതിന് ധാരണയായിരുന്നു. റഷ്യയും യുക്രെയ്‌നും തമ്മിൽ ഇതുവരെ 17 തടവുകാരുടെ കൈമാറ്റങ്ങൾക്ക് യു.എ.ഇ മധ്യസ്ഥത വഹിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി 4,641 പേർ മോചിപ്പിക്കപ്പെട്ടിട്ടുമുണ്ട്.