മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സമൂഹമാധ്യമത്തിൽ ഇട്ടപോസ്റ്റ് പിൻവലിച്ച് ഇസ്രയേൽ
ജറുസലേം : ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സമൂഹമാധ്യമത്തിൽ കുറിപ്പിട്ട പോസ്റ്റ് പിൻവലിച്ച് ഇസ്രയേൽ. ‘ശാന്തമായി വിശ്രമിക്കൂ ഫ്രാൻസിസ് മാർപാപ്പ’. അദ്ദേഹത്തിന്റെ ഓർമ അനുഗ്രഹമായിത്തീരട്ടെ’ എന്നായിരുന്നു ഇസ്രയേൽ തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചത്.
ജറുസലേമിലെ പശ്ചിമ മതിൽ സന്ദർശിച്ച മാർപാപ്പയുടെ ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ് പങ്കുവെച്ചത്. എന്നാൽ അധികം വൈകാതെ തന്നെ ഇസ്രയേൽ ഈ പോസ്റ്റ് പിൻവലിക്കുകായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്തിനാണ് അനുശോചന പോസ്റ്റ് പിൻവലിച്ചത് എന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടില്ല.
ഇസ്രയേലിനെതിരെ ഫ്രാൻസിസ് മാർപാപ്പ പ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്നും പിഴവ് മൂലമാണ് അനുശോചനം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതെന്നുമാണ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഔദ്യോഗികമായി ഇതേ കുറിച്ച് പ്രതികരിക്കാൻ ഇസ്രയേൽ ഇതുവരെ തയാറായിട്ടില്ല. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും മാർപാപ്പയുടെ നിര്യാണത്തിൽ ഇതുവരെ അനുശോചനം രേഖപ്പെടുത്തിയിട്ടില്ല.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമങ്ങളെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ പലതവണ രംഗത്ത് വന്നിട്ടുണ്ട്. ഇസ്രയേൽ ഗാസയിൽ നടത്തുന്നത് യുദ്ധമല്ലെന്നും കൊടും ക്രൂരതയാണെന്നും മാർപാപ്പ തുറന്ന് വിമർശിച്ചിട്ടുണ്ട്. കുട്ടികളെയടക്കം കൊല്ലുന്നത് യുദ്ധമല്ലെന്നും ക്രൂരതയാണെന്നും തൻറെ വാർഷിക ക്രിസ്‌മസ് പ്രസംഗത്തിൽ മാർപാപ്പ വിമർശിച്ചിരുന്നു. ഗാസയിൽ ഇസ്രയേൽ വംശഹത്യയാണോ നടത്തുന്നതെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാർപാപ്പ നേരത്തെയും പലതവണ രംഗത്തെത്തിയിരുന്നു.
2014ൽ മാർപാപ്പ ജൂതമതത്തിലെ ഏറ്റവും പവിത്രമായ പ്രാർഥനാ സ്ഥലമായ വെസ്റ്റേൺ വാൾ സന്ദർശിച്ചിട്ടുണ്ട്. ജെറുസലേമിനേയും ബെത്‌ലഹേമിനേയും വിഭജിക്കുന്ന മതിലാണ് ഇത്. അതേസമയം ഫ്രാൻസിസ് മാർപ്പാപ്പയുടെ ഭൗതികദേഹം ഇന്ന് മുതൽ പൊതുദർശനത്തിന് വെയ്ക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹം വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസലിക്കയിൽ എത്തിക്കും. കാസാ സാന്താ മാർത്തയിൽ നിന്ന് പന്ത്രണ്ടരയ്ക്ക് വിലാപ യാത്രയായാണ് മൃതദേഹം എത്തിക്കുക. സെൻറ് പീറ്റേഴ്സ് ബസലിക്കയിൽ ശനിയാഴ്ച വരെ പൊതുദർശനം തുടരും. ലോകനേതാക്കളെയും രാഷ്ട്രത്തലവൻമാരെയും കൂടാതെ ലോകമെമ്പാടുമുള്ള വിശ്വാസികളും മാർപാപ്പയെ അവസാനമായി നേരിൽ കാണാൻ വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസലിക്കയിലേക്ക് എത്തും. ശനിയാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് സംസ്കാര ശുശ്രൂഷകൾ തുടങ്ങുക