'പിശാചിനെ മൂന്നുതവണ കണ്ടു, ആ പരുപരുത്ത ശബ്ദം കേട്ടു' ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്വകാര്യ ഡയറി പുറത്ത്

താന്‍ കണ്ടുമുട്ടിയ മനുഷ്യര്‍, ഭയങ്ങള്‍, പിഴവുകള്‍, പിശാചുമായുണ്ടായ കണ്ടുമുട്ടലുകളെന്ന് താന്‍ വിശ്വസിച്ച അനുഭവങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

 

12 വര്‍ഷം കത്തോലിക്കാ സഭയെ നയിച്ച ശേഷം 2025 ഏപ്രിലില്‍ 88-ാം വയസ്സില്‍ അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 1992 മുതല്‍ 2024 വരെയുള്ള കുറിപ്പുകളാണ് പുസ്തകത്തിലുള്ളത്.

അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്വകാര്യ ഡയറിക്കുറിപ്പുകള്‍ ലോകത്തിന് മുന്നില്‍. 'ദ പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാന്‍സിസ്' എന്ന പേരില്‍ അഞ്ച് ഭാഷകളിലായി 94 രാജ്യങ്ങളിലാണ് പുസ്തകം പുറത്തിറങ്ങിയത്. 1960-കള്‍ക്ക് ശേഷം ആദ്യമായാണ് ഒരു മാര്‍പാപ്പയുടെ സ്വകാര്യ ഡയറി പ്രസിദ്ധീകരിക്കുന്നത്. 12 വര്‍ഷം കത്തോലിക്കാ സഭയെ നയിച്ച ശേഷം 2025 ഏപ്രിലില്‍ 88-ാം വയസ്സില്‍ അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 1992 മുതല്‍ 2024 വരെയുള്ള കുറിപ്പുകളാണ് പുസ്തകത്തിലുള്ളത്.


മുപ്പതിലേറെ വര്‍ഷക്കാലം കറുത്ത ചട്ടയുള്ള ഡയറിയില്‍ ചെറിയ, ചരിഞ്ഞ അക്ഷരങ്ങളില്‍ അദ്ദേഹം സ്വന്തം അനുഭവങ്ങള്‍ കുറിച്ചിരുന്നു. താന്‍ കണ്ടുമുട്ടിയ മനുഷ്യര്‍, ഭയങ്ങള്‍, പിഴവുകള്‍, പിശാചുമായുണ്ടായ കണ്ടുമുട്ടലുകളെന്ന് താന്‍ വിശ്വസിച്ച അനുഭവങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

ഡയറിയിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗങ്ങള്‍ പിശാചിനെക്കുറിച്ചുള്ളവയാണ്. 2021-ലെ കുറിപ്പില്‍ മൂന്നുതവണ ചെകുത്താനെ ദര്‍ശിച്ചതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. കാര്‍ യാത്രയ്ക്കിടെയായിരുന്നു ആദ്യ ദര്‍ശനം. രണ്ടാമത്തേത് കുര്‍ബാനയ്ക്കിടെ ഗായകസംഘത്തിന് മുകളില്‍ നിലയുറപ്പിച്ച നിലയിലും, മൂന്നാമത്തേത് വത്തിക്കാന്‍ ഉദ്യോഗസ്ഥരുമായുള്ള യോഗത്തിനിടെയുമായിരുന്നു. റോമന്‍ കൂരിയയുടെ ഭരണവുമായി ബന്ധപ്പെട്ട ചില സന്ദര്‍ഭങ്ങളിലും പിശാചിന്റെ സാന്നിധ്യം അനുഭവിച്ചതായി വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പിശാചിന്റെ 'ഭീഷണിപ്പെടുത്തുന്ന' കണ്ണുകളും 'ശക്തമായ പരുപരുത്ത' ശബ്ദവും മറക്കാനാവില്ലെന്ന് അദ്ദേഹം കുറിച്ചു. എല്ലാം കീഴടക്കിയ വിജയിയുടേതുപോലുള്ള ശബ്ദമായാണ് അത് തോന്നിയതെന്നും ഡയറിയിലുണ്ട്.
പുരോഹിതര്‍ ഉള്‍പ്പെട്ട ലൈംഗിക പീഡന വിവാദത്തിനിടെ നടത്തിയ 2018-ലെ ചിലി സന്ദര്‍ശന വേളയിലും, റോമില്‍ തിരിച്ചെത്തി ദിവസങ്ങള്‍ക്കുള്ളില്‍ നടന്ന യോഗത്തിലും പിശാച് കടന്നുകയറിയതായി അദ്ദേഹം എഴുതി. എന്നാല്‍, ആഘാതങ്ങളില്‍ നിന്ന് മോചിതനാകാന്‍ കര്‍ത്താവ് അവസരം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. 2018 ജൂണില്‍ ഉറങ്ങാനൊരുങ്ങുമ്പോള്‍ 'നരകത്തിന്റെ കവാടങ്ങള്‍' കണ്ടതായും, ഭയപ്പെട്ടപ്പോള്‍ 'ജപമാലയെ ആയുധമായി എടുത്തതായും' അദ്ദേഹം കുറിച്ചു.