ഹുർമുസ് കടലിടുക്കിലേക്ക് കപ്പലുകൾ അയക്കാൻ പദ്ധതിയില്ല : ജപ്പാനും ആസ്‌ട്രേലിയയും

ഇറാൻ അടച്ചിട്ടിരിക്കുന്ന ഹുർമുസ് കടലിടുക്കിൽ സുരക്ഷ ഉറപ്പാക്കാൻ യുദ്ധക്കപ്പലുകളെ അയക്കില്ലെന്ന് ജപ്പാൻ, ആസ്‌ട്രേലിയ, യു.കെ എന്നീ രാജ്യങ്ങൾ വ്യക്തമാക്കി.
 

 വാഷിങ്ടൺ : ഇറാൻ അടച്ചിട്ടിരിക്കുന്ന ഹുർമുസ് കടലിടുക്കിൽ സുരക്ഷ ഉറപ്പാക്കാൻ യുദ്ധക്കപ്പലുകളെ അയക്കില്ലെന്ന് ജപ്പാൻ, ആസ്‌ട്രേലിയ, യു.കെ എന്നീ രാജ്യങ്ങൾ വ്യക്തമാക്കി. എണ്ണ ടാങ്കറുകളുടെ ഗതാഗതം തടസ്സപ്പെട്ടതോടെ ആഗോളതലത്തിൽ ഇന്ധന വിതരണം സ്തംഭിക്കുകയും എണ്ണവില കുതിച്ചുയരുകയും ചെയ്തിരിക്കുകയാണ്.

ഹുർമുസ് തുറക്കാൻ സഖ്യകക്ഷികൾ യുദ്ധക്കപ്പലുകൾ അയക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളോട് ഇതിനായി യു.എസ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാൽ, ഈ രാജ്യങ്ങളൊന്നും ഇതിന് അനുകൂലമായ മറുപടി നൽകിയിട്ടില്ല.

തങ്ങളുടെ നാവികസേനയെ അയക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ജപ്പാൻ പ്രധാനമന്ത്രി സനയ തകൈച്ചി അറിയിച്ചു. ഇത് ജപ്പാന്റെ ഭരണഘടന പ്രകാരം രാഷ്ട്രീയമായി അതീവ സെൻസിറ്റീവായ വിഷയമാണ്. എണ്ണ പ്രതിസന്ധി പരിഹരിക്കാൻ ജപ്പാൻ തങ്ങളുടെ കരുതൽ ശേഖരത്തിൽ നിന്ന് എണ്ണ പുറത്തിറക്കാൻ തുടങ്ങിയിട്ടുണ്ട്. ഹുർമുസ് കടലിടുക്കിലേക്ക് കപ്പലുകളെ അയക്കില്ലെന്ന് ആസ്‌ട്രേലിയൻ ഗതാഗത മന്ത്രി കാതറിൻ കിങ് വ്യക്തമാക്കി. ഫ്രാൻസും സമാനമായ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. മേഖലയിലെ സ്ഥിരത ഉറപ്പാക്കാനാണ് തങ്ങളുടെ സൈനിക വിന്യാസമെന്നും, സംഘർഷം വർധിപ്പിക്കാനല്ലെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.