സമാധാന ചര്‍ച്ച അനിശ്ചിതത്വത്തില്‍ ; പാക്കിസ്ഥാനിലേക്ക് ഇറങ്ങിയ യുഎസ് വൈസ് പ്രസിഡന്റ് വാഷിങ്ടണില്‍ തുടരുന്നു

യുഎസ് വൈസ് പ്രസിഡന്റ് ജെഡി. വാന്‍സിന്റെ ഇസ്ലാമാബാദ് സന്ദര്‍ശനം മാറ്റിവെച്ചു.

 

ബുധനാഴ്ച വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കാനിരിക്കെ, തുടര്‍നടപടികള്‍ ആലോചിക്കുന്നതിനായുള്ള ഉന്നതതല യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും.

സമാധാന ചര്‍ച്ചകള്‍ക്കായി അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളോട് ഇറാന്‍ പ്രതികരിക്കാത്തതിനെത്തുടര്‍ന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി. വാന്‍സിന്റെ ഇസ്ലാമാബാദ് സന്ദര്‍ശനം മാറ്റിവെച്ചു. ചൊവ്വാഴ്ച രാവിലെ പുറപ്പെടാനിരുന്ന വാന്‍സ് ഇപ്പോള്‍ വാഷിംഗ്ടണില്‍ തുടരുകയാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ച വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കാനിരിക്കെ, തുടര്‍നടപടികള്‍ ആലോചിക്കുന്നതിനായുള്ള ഉന്നതതല യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും.

അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന പരസ്പരവിരുദ്ധമായ സന്ദേശങ്ങളും അസ്വീകാര്യമായ നടപടികളും കാരണമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാത്തതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബാഘായി വ്യക്തമാക്കി. ഹോര്‍മൂസ് കടലിടുക്കിലെ യുഎസ് ഉപരോധത്തെ കടല്‍ക്കൊള്ള എന്നും ഭരണകൂട ഭീകരത എന്നുമാണ് ഇറാന്‍ വിശേഷിപ്പിച്ചത്. ഇറാന്റെ രണ്ട് കപ്പലുകള്‍ തടഞ്ഞ നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.