ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാന് ഓണ്‍-സൈറ്റ് സാങ്കേതിക സഹായം നല്‍കി ; സ്ഥിരീകരിച്ച് ചൈന

2025 ജൂലൈയില്‍, പാകിസ്ഥാന്റെ സൈനിക ഹാര്‍ഡ്വെയറിന്റെ 81 ശതമാനവും ചൈനീസ് റിസോഴ്‌സാണെന്ന് ഇന്ത്യന്‍ സൈന്യം ആരോപിച്ചിരുന്നു.

 

ഇന്ത്യ-പാകിസ്ഥാന്‍ ഏറ്റുമുട്ടലില്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് ആദ്യമായിട്ടാണ് ചൈന സമ്മതിക്കുന്നത്.

ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാന് ഓണ്‍-സൈറ്റ് സാങ്കേതിക സഹായം നല്‍കിയതായി ചൈന ആദ്യമായി സ്ഥിരീകരിച്ചതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ സൈനിക നടപടി സ്വീകരിച്ചത്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും (പിഒകെ) ഒമ്പത് ഭീകരവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 


ജയ്ഷ്-ഇ-മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയുള്‍പ്പെടെയുള്ള ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട 100-ലധികം ഭീകരരെ വധിച്ചു. ചൈനയുടെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സിസിടിവി വ്യാഴാഴ്ച സംപ്രേഷണം ചെയ്ത ഒരു അഭിമുഖത്തില്‍, ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍ ഓഫ് ചൈനയിലെ (AVIC) എഞ്ചിനീയര്‍മാര്‍ പാകിസ്ഥാന്‍ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതില്‍ നേരിട്ട് പങ്കെടുത്തതായി സമ്മതിച്ചു. ഇന്ത്യ-പാകിസ്ഥാന്‍ ഏറ്റുമുട്ടലില്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് ആദ്യമായിട്ടാണ് ചൈന സമ്മതിക്കുന്നത്. എവിഐസിയുടെ ചെങ്ഡു എയര്‍ക്രാഫ്റ്റ് ഡിസൈന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ എഞ്ചിനീയറായ ഷാങ് ഹെങ്, സംഘര്‍ഷകാലത്ത് പാകിസ്ഥാന് സാങ്കേതിക സഹായം നല്‍കിയവരില്‍ പ്രമുഖരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ചൈനയുടെ നൂതന യുദ്ധവിമാനങ്ങളുടെയും ആളില്ലാ ആകാശ വാഹനങ്ങളുടെയും പ്രധാന ഡെവലപ്പര്‍മാരില്‍ ഒന്നാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ട്. 2025 ജൂലൈയില്‍, പാകിസ്ഥാന്റെ സൈനിക ഹാര്‍ഡ്വെയറിന്റെ 81 ശതമാനവും ചൈനീസ് റിസോഴ്‌സാണെന്ന് ഇന്ത്യന്‍ സൈന്യം ആരോപിച്ചിരുന്നു. ചൈന തങ്ങളുടെ സൈനിക സാങ്കേതികവിദ്യ പരീക്ഷിക്കാന്‍ പാകിസ്ഥാനെ ലാബ് പോലെ ഉപയോഗിക്കുകയാണെന്നും ഇന്ത്യ ആരോപിച്ചു.