പാകിസ്ഥാനിലെ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ ചാവേർ സ്ഫോടനം ; 16 പേർ കൊല്ലപ്പെട്ടു

 

 പാകിസ്ഥാനിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടു. 50-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുള്ള കോഹട്ട് ജില്ലയിൽ പഴയ പോലീസ് ലൈൻസിന് സമീപത്തെ പള്ളിയിലാണ് ചാവേറാക്രമണം ഉണ്ടായത്. 

പ്രവിശ്യാ തലസ്ഥാനമായ പെഷവാറിൽ നിന്ന് 60 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കോഹട്ടിലെ പള്ളിയിൽ വിശ്വാസികൾ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി തടിച്ചുകൂടിയ സമയത്തായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥരും 11 സാധാരണക്കാരും ഉൾപ്പെടുന്നുവെന്ന് ഖൈബർ പഖ്തൂൺഖ്വ പോലീസ് മേധാവി സുൽഫിഖർ ഹമീദ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു വ്യക്തിയോ സംഘടനയോ ഏറ്റെടുത്തിട്ടില്ല.

ഡിസ്ട്രിക്റ്റ് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി അധികൃതരാണ് മരണസംഖ്യ സ്ഥിരീകരിച്ചത്. സ്ഫോടനത്തിന് പിന്നാലെ 15 മൃതദേഹങ്ങളും 50-ലധികം പരിക്കേറ്റവരേയും ആശുപത്രിയിൽ എത്തിച്ചതായി മെഡിക്കൽ സൂപ്രണ്ട് താഹിർ അലി ഷാ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. സ്ഫോടനസമയത്ത് പള്ളിക്ക് ഉള്ളിലോ പരിസരത്തോ ഉണ്ടായിരുന്ന വിശ്വാസികൾക്കാണ് പ്രധാനമായും പരിക്കേറ്റതെന്ന് പോലീസ് പറഞ്ഞു. സ്ഫോടനത്തിന്റെ ആഘാതത്തിൽ പള്ളിക്ക് പുറത്ത് വലിയൊരു കുഴി രൂപപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.