പാകിസ്ഥാനെ വിശ്വസിക്കാന്‍ കഴിയില്ല, വിമര്‍ശനവുമായി സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം 

രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ക്കും നിരീക്ഷണത്തിനുമായി ഉപയോഗിക്കുന്ന ഇറാന്റെ 'ആര്‍സി-130' വിമാനങ്ങള്‍ പാക് മണ്ണിലുണ്ടെന്നാണ് വിവരം

 

വാഷിംഗ്ടണിനും ടെഹ്റാനും ഇടയില്‍ ഒരു നിഷ്പക്ഷ മധ്യസ്ഥനായി സ്വയം അവകാശപ്പെടുമ്പോഴാണ് പാകിസ്ഥാന്‍ ഇറാന് സൈനിക സഹായം നല്‍കുന്നതെന്നത് ശ്രദ്ധേയമാണ്.

യുഎസ്-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കുനന പാകിസ്ഥാന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പുതിയ റിപ്പോര്‍ട്ടുകള്‍. ഇറാന്റെ സൈനിക വിമാനങ്ങള്‍ക്ക് പാകിസ്ഥാന്‍ താവളമൊരുക്കിയെന്ന അമേരിക്കന്‍ മാധ്യമങ്ങളുടെ വെളിപ്പെടുത്തലാണ് വിവാദമായിരിക്കുന്നത്. അമേരിക്കയുടെയോ ഇസ്രായേലിന്റെയോ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇറാന്റെ ചാരവിമാനങ്ങള്‍ പാക് മണ്ണില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പാകിസ്ഥാനെതിരെ രൂക്ഷ പ്രതികരണവുമായി പ്രമുഖ അമേരിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം രംഗത്തെത്തി.
സിബിഎസ് ന്യൂസ് ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, ഏപ്രില്‍ ആദ്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്‍ തങ്ങളുടെ വിമാനങ്ങള്‍ പാകിസ്ഥാനിലെ നൂര്‍ ഖാന്‍ വ്യോമസേനാ താവളത്തിലേക്ക് മാറ്റിയത്. രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ക്കും നിരീക്ഷണത്തിനുമായി ഉപയോഗിക്കുന്ന ഇറാന്റെ 'ആര്‍സി-130' വിമാനങ്ങള്‍ പാക് മണ്ണിലുണ്ടെന്നാണ് വിവരം. വാഷിംഗ്ടണിനും ടെഹ്റാനും ഇടയില്‍ ഒരു നിഷ്പക്ഷ മധ്യസ്ഥനായി സ്വയം അവകാശപ്പെടുമ്പോഴാണ് പാകിസ്ഥാന്‍ ഇറാന് സൈനിക സഹായം നല്‍കുന്നതെന്നത് ശ്രദ്ധേയമാണ്.

റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പാകിസ്ഥാനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം തുറന്നടിച്ചു. പാകിസ്ഥാനെ എനിക്ക് ഒട്ടും വിശ്വാസമില്ല. ഇറാന്റെ സൈനിക ആസ്തികള്‍ സംരക്ഷിക്കാന്‍ അവര്‍ താവളമൊരുക്കുന്നുണ്ടെങ്കില്‍, മധ്യസ്ഥതയ്ക്കായി നമ്മള്‍ വേറെ ആളെ നോക്കേണ്ടിയിരിക്കുന്നു. ഈ ചര്‍ച്ചകള്‍ എങ്ങും എത്താത്തതില്‍ അത്ഭുതമില്ല,' അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്റെ ഇരട്ടത്താപ്പ് അമേരിക്കന്‍ ഭരണകൂടത്തിനുള്ളില്‍ വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഇത് മേഖലയിലെ സമാധാന ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.