ബിഎൽഎ നേതാക്കളെ തേടി തിരച്ചിൽ ശക്തമാക്കി പാക്കിസ്ഥാൻ സൈന്യം

 

 ക്വെറ്റ: ‘ഓപ്പറേഷൻ ഹെറോഫിലൂടെ’ സൈനികരും പൊലീസുകാരും ഉൾപ്പെടെ നൂറുകണക്കിനുപേരെ വധിച്ചതായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) അവകാശപ്പെട്ടതിനു പിന്നാലെ ആക്രമണം കടുപ്പിച്ച് പാക്ക് സൈന്യം. ബിഎൽഎ നേതാക്കളെ തേടി പാക്കിസ്ഥാൻ സൈന്യം തിരച്ചിൽ ശക്തമാക്കി. ഞായറാഴ്ചയുണ്ടായ സംഘർഷത്തിൽ 31 സാധാരണക്കാരും 17 പാക് സൈനികരും കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്യുന്നു. ബിഎൽഎയുടെ ഭാഗത്ത് 145 പേർ കൊല്ലപ്പെട്ടു.

പതിവിലും വിപരീതമായി ശനിയാഴ്ച സംഘടിതമായി ആസൂത്രണത്തോടെയാണ് ബിഎൽഎ സൈന്യത്തിനെതിരെ ആക്രമണം അഴിച്ചുവിട്ടത്. ഒരേസമയം റെയിൽ, റോഡ് ഗതാഗതങ്ങളെ ആക്രമിച്ചായിരുന്നു തുടക്കം. ഒരു ഡസനോളം സ്ഥലങ്ങളിൽ ഒരേസമയം ആക്രമണം നടത്താനും ബിഎൽഎയ്ക്കു കഴിഞ്ഞു.