ഇന്ത്യക്കും പാകിസ്താനുമിടയിൽ നടക്കുമായിരുന്ന ഒരു ആണവ യുദ്ധമാണ് താൻ തടഞ്ഞത് ; ട്രംപ്
വാഷിങ്ടൺ: ഇന്ത്യ - പാക് സൈനിക സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം വീണ്ടും ആവർത്തിച്ച് യു.എസ്. പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഇന്ത്യക്കും പാകിസ്താനുമിടയിൽ നടക്കുമായിരുന്ന ഒരു ആണവ യുദ്ധമാണ് താൻ തടഞ്ഞതെന്നാണ് ട്രംപ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും പാകിസ്താനും തമ്മിലെ നാല് ദിവസത്തെ സംഘർഷത്തിൽ എട്ട് വിമാനങ്ങൾ വെടിവച്ചിട്ടെന്നും ട്രംപ് പറഞ്ഞു.
ഇതുവരെ താൻ പരിഹരിക്കാത്ത ഒരേയൊരു യുദ്ധം റഷ്യ-യുക്രെയ്ൻ യുദ്ധമാണെന്ന് ട്രംപ് സമ്മതിക്കുകയും ചെയ്തു. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമർ സെലൻസ്‌കിയും തമ്മിൽ കടുത്ത വിദ്വേഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ‘നീണ്ട രാത്രി’ ചർച്ചകൾക്ക് ശേഷം ഇന്ത്യയും പാകിസ്താനും ‘പൂർണമായ’ വെടിനിർത്തലിന് സമ്മതിച്ചതായി മെയ് 10 നാണ് ട്രംപ് സമൂഹമാധ്യമത്തിൽ പ്രഖ്യാപിച്ചത്. ഇതുവരെ 60 ലധികം തവണയാണ് ഈ അവകാശവാദം ട്രംപ് ആവർത്തിച്ചത്. എന്നാൽ, വിദേശ മധ്യസ്ഥതയെക്കുറിച്ചുള്ള അവകാശവാദങ്ങളെ ഇന്ത്യ പലതവണ തള്ളിക്കളഞ്ഞിരുന്നു.