പാന്‍ ചവച്ച് തുപ്പുന്നത് വൃത്തിയാക്കാന്‍ പ്രതിവര്‍ഷം നോര്‍ത്ത് ലണ്ടന്‍ കൗണ്‍സിലിന് ചെലവ് 30000 പൗണ്ട് ; ഇനി കുറ്റം ചെയ്യുന്നവര്‍ നൂറു പൗണ്ട് പിഴ നല്‍കേണ്ടിവരും
ബ്രെന്റ് കൗണ്‍സില്‍ ഇതിനോട് സീറോ ടോളറന്‍സ് സമീപനം സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
വെംബ്ലിക്ക് ചുറ്റുമുള്ള ബ്രെന്റ് മേഖലകളില്‍ പാന്‍ ചവയ്ക്കുന്നത് വ്യാപകമാണ്.
പൊതുസ്ഥലങ്ങളില്‍ പാന്‍, ഗുട്ക എന്നിവ ചവച്ച ശേഷം തുപ്പുന്നത് ദക്ഷിണേഷ്യയിലെ തെരുവുകളില്‍ സാധാരണ കാഴ്ചയാണ്. വൃത്തിഹീനമായ ഈ ശീലം ഇപ്പോള്‍ ബ്രിട്ടനിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഈ വൃത്തിയില്ലാത്ത ശീലം കൊണ്ടു നടക്കുന്ന വ്യക്തികള്‍ കാരണം യുകെ വലിയ പ്രതിസന്ധിയും ബുദ്ധിമുട്ടുമാണ് നേരിടുന്നത്.
ദക്ഷിണേഷ്യന്‍ സമൂഹവുമായി ബന്ധപ്പെട്ട ചവയ്ക്കുന്ന പുകയിലയുടെ കടും ചുവപ്പ് അവശിഷ്ടങ്ങള്‍ കടകളിലും നടപ്പാതകളിലും കെട്ടിടങ്ങളിലും നിന്ന് വൃത്തിയാക്കാന്‍ നോര്‍ത്ത് ലണ്ടന്‍ കൗണ്‍സില്‍ പ്രതിവര്‍ഷം 30,000 പൗണ്ടിലധികം (ഏകദേശം 35 ലക്ഷം രൂപ) ചെലവഴിക്കുന്നു എന്നാണ് 'ഈവനിംഗ് സ്റ്റാന്‍ഡേര്‍ഡ്' റിപ്പോര്‍ട്ട് പറയുന്നത്. പ്രത്യേകിച്ച് വെംബ്ലിക്ക് ചുറ്റുമുള്ള ബ്രെന്റ് മേഖലകളില്‍ പാന്‍ ചവയ്ക്കുന്നത് വ്യാപകമാണ്. ഇവിടെ കടുംചുവപ്പ് പാടുകള്‍ നടപ്പാതകളിലും ടെലിഫോണ്‍ ബോക്‌സുകളിലും പൂച്ചട്ടികളില്‍ പോലും പതിവായി കാണപ്പെടുന്നു.
ഈ പ്രശ്‌നം ഗുരുതരമായ ആരോഗ്യ-പാരിസ്ഥിതിക നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതിനും വൃത്തിയാക്കാന്‍ വലിയ ചെലവ് വരുന്നതിനും കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടി ബ്രെന്റ് കൗണ്‍സില്‍ ഇതിനോട് സീറോ ടോളറന്‍സ് സമീപനം സ്വീകരിക്കുമെന്ന് വ്യക്തമാക്കി. കടുത്ത ശ്രമങ്ങള്‍ക്കിടയിലും തെരുവുകളില്‍ നിന്ന് പാടുകള്‍ പൂര്‍ണ്ണമായി നീക്കം ചെയ്യുന്നത് മിക്കപ്പോഴും അസാധ്യമാണ്. ശക്തമായ ക്ലീനിംഗ് ജെറ്റുകള്‍ക്ക് പോലും ചില പാടുകള്‍ നീക്കം ചെയ്യാന്‍ കഴിയില്ല എന്ന് പ്രാദേശിക അതോറിറ്റികള്‍ പറയുന്നു.
പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി, പാന്‍ തുപ്പല്‍ ഒരു വലിയ പ്രശ്‌നം ആയ മൂന്ന് ഹോട്ട്സ്പോട്ടുകളില്‍ ബ്രെന്റ് കൗണ്‍സില്‍ ബാനറുകള്‍ സ്ഥാപിച്ചു. പ്രദേശത്ത് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍മാരും പട്രോളിംഗ് നടത്തും. കുറ്റം ചെയ്യുന്നവര്‍ക്ക് 100 പൗണ്ട് വരെ (ഏകദേശം 12,000 രൂപ) പിഴ ചുമത്തും. 'ഞങ്ങളുടെ തെരുവുകള്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ, പാന്‍ തുപ്പി മലിനമാക്കുന്നവര്‍ക്കെതിരെ, ഞങ്ങള്‍ സീറോ ടോളറന്‍സ് സമീപനം തുടരുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ബ്രെന്റിനോട് കളിക്കരുത്, കാരണം ഞങ്ങള്‍ നിങ്ങളെ പിടികൂടി പിഴ ചുമത്തും' എന്ന് കൗണ്‍സിലര്‍ ക്രൂപ ഷേത്ത് പറഞ്ഞു.