ഉത്തരകൊറിയൻ യുദ്ധക്കപ്പൽ അപകടത്തിൽ തകർന്നതായി റിപ്പോർട്ട്
പുതിയ ഉത്തരകൊറിയൻ യുദ്ധക്കപ്പൽ അപകടത്തിൽ തകർന്നതായി റിപ്പോർട്ട്. ഇത് രാജ്യത്തിന്റെ പരമോന്നത നേതാവ് കിം ജോങ് ഉന്നിനെ രോഷാകുലനാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. വടക്കുകിഴക്കൻ തുറമുഖമായ ചോങ്ജിനിൽ യുദ്ധക്കപ്പലിന്റെ വിക്ഷേപണ ചടങ്ങിനിടെയാണ് അപകടം സംഭവിച്ചതെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.
5,000 ടൺ ഭാരമുള്ള ഡിസ്ട്രോയർ യുദ്ധക്കപ്പൽ അനുഭവപരിചയമില്ലാത്ത കമാൻഡറുടെ പ്രവർത്തനത്തെ തുടർന്ന് ഫ്ളാറ്റ്കാറിൽ നിന്ന് തെന്നിമാറുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. അപകടത്തിൽ കപ്പലിന്റെ അടിഭാഗം തകർന്നെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഉത്തരകൊറിയയുടെ സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിന് ഡിസ്ട്രോയറുകളുടെ പ്രാധാന്യം കിം മുമ്പ് പറഞ്ഞിരുന്നു.
തികഞ്ഞ അശ്രദ്ധ മൂലമുണ്ടായ ഒരു ക്രിമിനൽ പ്രവൃത്തി എന്നാണ് കിം പിന്നീട് അപകടത്തെ വിശേഷിപ്പിച്ചതെന്നും അത് പൊറുക്കാൻ കഴിയില്ല എന്ന് പറഞ്ഞതായും കെസിഎൻഎ റിപ്പോർട്ട് ചെയ്തു. അപകടത്തിന് വഴിവെച്ച ഉദ്യോഗസ്ഥരെ അദ്ദേഹം വിമർശിക്കുകയും സംഭവം ഉത്തര കൊറിയയുടെ അന്തസ്സും ആത്മാഭിമാനവും തകർച്ചയിലേക്ക് നയിച്ചുവെന്ന് പറയുകയും ചെയ്തു. അടുത്ത മാസം നടക്കുന്ന ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ പ്ലീനറി യോഗത്തിന് മുമ്പ് കപ്പൽ പുനഃസ്ഥാപിക്കാൻ അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്.