തട്ടിക്കൊണ്ടുപോയ 100 നൈജീരിയൻ വിദ്യാർഥികളെ മോചിപ്പിച്ചു 

 

അബൂജ: നൈ​ജീ​രി​യ​യി​ലെ സ്വ​കാ​ര്യ ​കാ​ത്ത​ലി​ക് സ്കൂ​ളി​ൽ നിന്നും തട്ടിക്കൊണ്ടു പോയ വിദ്യാർഥികളിൽ 100 പേരെ വിട്ടയച്ചതായി റിപ്പോർട്ട്. മോചിപ്പിക്കപ്പെട്ട കുട്ടികൾ തലസ്ഥാന നഗരിയായ അബൂജയിൽ എത്തിയിട്ടുണ്ടെന്നും ഇവരെ നൈജർ തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നും ഐക്യരാഷ്ട്രസഭ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ മാസമാണ് സ്കൂൾ അതിക്രമിച്ച് കയറിയ തോക്കുധാരികൾ 303 വി​ദ്യാ​ർ​ഥി​ക​ളെ​യും 12 അ​ധ്യാ​പ​ക​രെ​യും ത​ട്ടി​ക്കൊണ്ട് പോയത്.

100 കുട്ടികളുടെ മോചനം ഉറപ്പാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചർച്ചയിലൂടെയോ സൈനിക നടപടിയിലൂടെയാണോ മോചനം എന്നതിനെക്കുറിച്ചോ തട്ടിക്കൊണ്ടുപോയവരുടെ കൈകളിൽ അവശേഷിക്കുന്ന വിദ്യാർഥികളുടെയും ജീവനക്കാരുടെയും മോചനത്തെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

വൈദ്യ പരിശോധനക്ക് അയച്ച വിദ്യാർഥികളെ നടപടി ക്രമങ്ങൾ പൂർത്തിയായതിന് ശേഷം കുടുംബങ്ങൾക്ക് കൈമാറുമെന്ന് അധികൃയർ അറിയിച്ചു. നവംബർ 21നാണ് പാപിരി സമുദായത്തിലെ സെന്റ് മേരീസ് സ്കൂളിൽ നിന്ന് ആയുധധാരികൾ വിദ്യാർഥികളെയും സ്കൂൾ ജീവനക്കാരെയും തട്ടിക്കൊണ്ട് പോയത്. പത്തിനും 18നും ഇടയിലുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയുമാണ് തട്ടിക്കൊണ്ട് പോയതെന്ന് ക്രിസ്റ്റ്യൻ അസോസിയേഷൻ ഓഫ് നൈജീരിയ (സി.എ.എൻ) പറഞ്ഞു.