ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ വെടിവെപ്പ് ; ഒരാള്‍ക്ക് പരിക്കേറ്റു ; 17 കാരന്‍ കസ്റ്റഡിയില്‍
ന്യൂയോര്‍ക്ക് നിക്‌സ് ടീമിന്റെ ചാമ്പ്യന്‍ഷിപ്പ് പരേഡ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് സംഭവം. ഈ സമയത്ത് വലിയ ജനത്തിരക്ക് ഇവിടെ അനുഭവപ്പെട്ടിരുന്നു.
വെടിയൊച്ച കേട്ടതോടെ പ്രദേശത്തുണ്ടായിരുന്ന നൂറുകണക്കിന് ആളുകള്‍ പരിഭ്രാന്തരായി ചിതറിയോടി.
ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ വെടിവെപ്പ്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഉണ്ടായ വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റതായാണ് വിവരം. വെടിയൊച്ച കേട്ടതോടെ പ്രദേശത്തുണ്ടായിരുന്ന നൂറുകണക്കിന് ആളുകള്‍ പരിഭ്രാന്തരായി ചിതറിയോടി. പ്രാദേശിക സമയം വൈകുന്നേരം 3:40-ഓടെ വെസ്റ്റ് 44-ാം സ്ട്രീറ്റിന്റെയും സെവന്‍ത് അവന്യൂവിന്റെയും ജംഗ്ഷനിലാണ് സംഭവം നടന്നത്. ന്യൂയോര്‍ക്ക് നിക്‌സ് ടീമിന്റെ ചാമ്പ്യന്‍ഷിപ്പ് പരേഡ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് സംഭവം. ഈ സമയത്ത് വലിയ ജനത്തിരക്ക് ഇവിടെ അനുഭവപ്പെട്ടിരുന്നു.
ആള്‍ക്കൂട്ടത്തില്‍ ചിലര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ഒരാള്‍ക്ക് കഴുത്തിന് വെട്ടേറ്റുവെന്നും പിന്നാലെ മറ്റൊരാള്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തു എന്നുമാണ് വിവരം. കറുത്ത വസ്ത്രം ധരിച്ച രണ്ട് പേര്‍ ജനക്കൂട്ടത്തിലേക്ക് ഓടിയെത്തുന്നതിന്റെയും വെടിയുതിര്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. വെടിയൊച്ച കേട്ടതോടെ സ്ഥലത്തുണ്ടായിരുന്ന വിനോദസഞ്ചാരികളും വ്യാപാരികളും നിലവിളിച്ചുകൊണ്ട് സുരക്ഷിത സ്ഥാനങ്ങള്‍ തേടി ഓടുകയായിരുന്നു. ചിലര്‍ റോഡരികില്‍ ഒളിച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവവുമായി ബന്ധപ്പെട്ട് 17 വയസ്സുകാരനായ ഒരു പ്രതിയെ ന്യൂയോര്‍ക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് തോക്കും കണ്ടെടുത്തു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി