ന്യൂയോര്‍ക്കില്‍ കെട്ടിടം തകര്‍ന്ന് 8 പേര്‍ മരിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ച് മേയര്‍ സൊഹ്റാന്‍ മംദാനി
ന്യൂയോര്‍ക്കില്‍ കെട്ടിടം തകര്‍ന്ന് 8 പേര്‍ മരിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ച് മേയര്‍ സൊഹ്റാന്‍ മംദാനി
. സ്വന്തം ജീവന്‍ പണയം വെച്ചും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആളുകളെ രക്ഷിച്ച നിര്‍മ്മാണത്തൊഴിലാളികളുടെ ധീരതയെ മേയര്‍ പ്രശംസിച്ചു.
നിര്‍മ്മാണ സ്ഥലവുമായി ബന്ധപ്പെട്ട അഞ്ച് ഏജന്‍സികള്‍ക്കെതിരെയും സിറ്റി ബില്‍ഡിംഗ് ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ബ്രൂക്ലിനിലെ മൂന്നുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ ദുരന്തത്തില്‍ മരണസംഖ്യ എട്ടായി. സംഭവത്തില്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന്‍ മംദാനി സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന് കാരണക്കാരായ ആരെയും വെറുതെ വിടില്ലെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിര്‍മ്മാണ സ്ഥലവുമായി ബന്ധപ്പെട്ട അഞ്ച് ഏജന്‍സികള്‍ക്കെതിരെയും സിറ്റി ബില്‍ഡിംഗ് ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്വന്തം ജീവന്‍ പണയം വെച്ചും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആളുകളെ രക്ഷിച്ച നിര്‍മ്മാണത്തൊഴിലാളികളുടെ ധീരതയെ മേയര്‍ പ്രശംസിച്ചു.
അപകടത്തില്‍പ്പെട്ട കെട്ടിടത്തിനെതിരെ ഇതിന് മുന്‍പ് 98 സുരക്ഷാ ലംഘനങ്ങള്‍ സിറ്റി ഹൗസിങ് റെക്കോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. തൊട്ടടുത്തായി നടന്നുകൊണ്ടിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ സുരക്ഷാ വീഴ്ചകളും അപകടത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നു. മെയ് മാസത്തില്‍ തന്നെ ഈ നിര്‍മ്മാണ സ്ഥലത്ത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു. നിലവില്‍ ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ പൂര്‍ണ്ണമായും നിര്‍ത്തിവെപ്പിച്ചിരിക്കുകയാണ്. അപകടത്തെത്തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സമീപത്തെ മൂന്ന് കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി ഫ്‌ലാറ്റ്ബുഷ് വൈഎംസിഎയില്‍ പ്രത്യേക സഹായ കേന്ദ്രവും തുറന്നിട്ടുണ്ട്.
ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. തൊട്ടടുത്ത സ്ഥലത്ത് നടന്നിരുന്ന കെട്ടിട നിര്‍മ്മാണത്തിനായുള്ള കുഴിയെടുക്കലിനിടെ 1930-ല്‍ നിര്‍മ്മിച്ച കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നുവീഴുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണമായും അവസാനിപ്പിച്ചതായി ന്യൂയോര്‍ക്ക് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചിരുന്നു.