എവിടെ വച്ചും നെതന്യാഹുവിനെ അറസ്റ്റ് ചെയ്യില്ല ; സൊഹ്‌റാന് മംദാനിക്ക് ട്രംപിന്റെ മറുപടി
രാജ്യാന്തര ക്രിമിനല് കോടതി കുറ്റം ചുമത്തിയ ഒരു യുദ്ധ കുറ്റവാളിയാണ് നെതന്യാഹു എന്ന വാദമുയര്ത്തിയാണ് മംദാനി വിമര്ശനം ഉയര്ത്തുന്നത്.
ഐക്യരാഷ്ട്ര സംഘടനയുടെ ജനറല് അസംബ്ലിയില് പങ്കെടുക്കുന്നതിന് വേണ്ടിയാണ് സെപ്തംബറില് ഇസ്രയേല് പ്രധാനമന്ത്രി ന്യൂയോര്ക്കില് സന്ദര്ശനത്തില് എത്തുന്നത്.
ഇസ്രയേല് പ്രധാനമന്ത്രി ബെന്യാമിന് നെതന്യൂഹുവിനെ അറസ്റ്റ് ചെയ്യില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് വ്യക്തമാക്കി. ന്യൂയോര്ക്ക് സന്ദര്ശനത്തിന് എത്തുന്ന ഇസ്രയേല് പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യാന് കഴിയുമോ എന്നതിന്റെ നിയമ വശങ്ങള് ആലോചിക്കുന്നതായി ന്യൂയോര്ക്ക് സിറ്റി മേയര് സൊഹ്‌റാന് മംദാനി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഈ വിഷയം ചൂടുപിടിച്ചത്. എന്നാല് അമേരിക്കയില് എവിടെ വച്ചും നെതന്യാഹുവിനെ അറസ്റ്റ് ചെയ്യില്ലെന്നാണ് ഇന്നു ട്രംപ് വ്യക്തമാക്കിയത്.
ഐക്യരാഷ്ട്ര സംഘടനയുടെ ജനറല് അസംബ്ലിയില് പങ്കെടുക്കുന്നതിന് വേണ്ടിയാണ് സെപ്തംബറില് ഇസ്രയേല് പ്രധാനമന്ത്രി ന്യൂയോര്ക്കില് സന്ദര്ശനത്തില് എത്തുന്നത്. ന്യൂയോര്ക്ക് സിറ്റി മേയറെ പേരെടുത്ത് പരാമര്ശിച്ചെങ്കിലും അമേരിക്കയില് വച്ച് ബെന്യാമിന് നെതന്യാഹുവിനെ ഒരു തരത്തിലും അറസ്റ്റ് ചെയ്യില്ലെന്നാണ് ട്രൂത്ത് സോഷ്യലില് അമേരിക്കന് പ്രസിഡന്റ് കുറിച്ചത്.
അടുത്തിടെ ന്യൂയോര്ക്ക് ടൈംസുമായി നടത്തിയ പോഡ്കാസ്റ്റില് സംസാരിക്കവേയാണ് നെതന്യാഹു ന്യൂയോര്ക്ക് നഗരത്തിലെത്തിയാല് നിയമപരമായി എന്ത് നടപടിയെടുക്കാനാകുമെന്ന് നിയമ വിദഗ്ധരുമായി സജീവമായി കൂടിയാലോചിക്കുകയാണ് താനെന്ന് മേയര് പറഞ്ഞത്. രാജ്യാന്തര ക്രിമിനല് കോടതി കുറ്റം ചുമത്തിയ ഒരു യുദ്ധ കുറ്റവാളിയാണ് നെതന്യാഹു എന്ന വാദമുയര്ത്തിയാണ് മംദാനി വിമര്ശനം ഉയര്ത്തുന്നത്.