നേപ്പാള്‍ മിന്നല്‍ പ്രളയം മരണ സംഖ്യ 800 കടന്നു, 2500 പേരെ ഇപ്പോഴും കാണാനില്ല

രക്ഷപ്പെടുത്തിയവരുമായി പോയ ബസ് അപകടത്തില്‍പ്പെട്ട് 32 പേര്‍ക്ക് പരിക്കേറ്റുവെന്ന് നേപ്പാള്‍ പൊലീസ് അറിയിച്ചു.

 


ഇന്ത്യന്‍ കരസേനയുടെ വിദഗ്ധ സംഘം ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളില്‍ തിരച്ചില്‍ തുടരുകയാണ്.

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 800 കടന്നു. 2500 ലധികം പേരെ ഇപ്പോഴും കാണാനില്ല. ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നു. തങ്ങളുടെ 85 പൗരന്‍മാരെ കണ്ടെത്താനുണ്ടെന്ന് അമേരിക്ക അറിയിച്ചു. 9 പേരെയാണ് ഇതുവരെ രക്ഷിച്ചതെന്നും യുഎസ് വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ നിന്ന് പോയ 49 പേരെ ടിബറ്റ് ഭാഗത്ത് കാണാതായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കാണാതായ മലയാളികളെ കുറിച്ചും പുതിയ സൂചനയൊന്നുമില്ല. പൊന്നാനി സ്വദേശികളായ നാലു പേര്‍ക്കായി ടിബറ്റിനോട് ചേര്‍ന്ന് കിടക്കുന്ന ചില മേഖലകളില്‍ തിരച്ചില്‍ നടക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. രക്ഷപ്പെടുത്തിയവരുമായി പോയ ബസ് അപകടത്തില്‍പ്പെട്ട് 32 പേര്‍ക്ക് പരിക്കേറ്റുവെന്ന് നേപ്പാള്‍ പൊലീസ് അറിയിച്ചു.


ഇന്ത്യന്‍ കരസേനയുടെ വിദഗ്ധ സംഘം ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളില്‍ തിരച്ചില്‍ തുടരുകയാണ്. നൂറിലധികം തൊഴിലാളികള്‍ തുരങ്കങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയും വിദേശകാര്യ മന്ത്രാലയവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ കേന്ദ്രങ്ങള്‍ വഴി സ്ഥിതിഗതികള്‍ വിലയിരുത്തി. നേപ്പാളില്‍ പ്രളയത്തില്‍ കാണാതായ ഏഴ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ കണ്ടെത്തുന്നതിനായുള്ള തെരച്ചിലും ഊര്‍ജിതമായി നടക്കുന്നു. 275 ഇന്ത്യന്‍ പൗരന്മാരും 128 ഇന്ത്യന്‍ വംശജരും ഉള്‍പ്പെടെ നൂറുകണക്കിന് വിദേശികളെക്കുറിച്ചാണ് നിലവില്‍ വിവരമില്ലാത്തതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കൈലാസ് മാനസരോവര്‍ തീര്‍ത്ഥാടകരും ജലവൈദ്യുത പദ്ധതികളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളുമാണ് കാണാതായവരിലധികവും.