നേപ്പാള്‍ മിന്നല്‍ പ്രളയം; മരണസംഖ്യ 1250 ആയി, 4875 പേരെ കാണാനില്ല

കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നും കിട്ടിയിട്ടില്ല.

 

11923 പേരെയാണ് ഇതുവരെ രക്ഷിക്കാനായതെന്ന് നേപ്പാള്‍ സൈന്യം വ്യക്തമാക്കി.

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 1250ആയി. നേപ്പാളില്‍ 1229 പേര്‍ മരിച്ചതായാണ് കണക്ക്. ചൈനീസ് ഭാഗത്ത് മരണസംഖ്യ 21 ആണ്. 4875 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും ഇതില്‍ 561 പേര്‍ വിദേശികളാണെന്നും നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 11923 പേരെയാണ് ഇതുവരെ രക്ഷിക്കാനായതെന്ന് നേപ്പാള്‍ സൈന്യം വ്യക്തമാക്കി. കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നും കിട്ടിയിട്ടില്ല. ചിത്വന്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികള്‍ തുടരുകയാണ്.


അതേസമയം, ഇന്ത്യയില്‍ നിന്നുള്ള 11 അംഗ വിദഗ്ധ സംഘം കൂടി തിരച്ചിലിനായി നേപ്പാളിലെത്തി. മിന്നല്‍ പ്രളയത്തിന് ശേഷമുള്ള സഹായത്തിന് ഇന്ത്യക്കും ചൈനക്കും നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ നന്ദി പറഞ്ഞു. രണ്ട് രാജ്യങ്ങളും പ്രളയത്തിന് തൊട്ടുപിന്നാലെ സഹായം എത്തിച്ചെന്ന് ബാലെന്‍ ഷാ പറഞ്ഞു. ഇന്ത്യയും ചൈനയും യുഎസും നല്‍കുന്ന സഹായം നഷ്ടപരിഹാരമാണെന്ന് വിദേശകാര്യമന്ത്രി ശിസിര്‍ ഖനാല്‍ പറഞ്ഞത് വിവാദമായിരുന്നു. കാലാവസ്ഥാ മാറ്റത്തിനുള്ള നഷ്ടപരിഹാരമാണിതെന്നാണ് വിദേശകാര്യമന്ത്രി ഒരു മാധ്യമത്തോട് പറഞ്ഞത്.