മ്യാൻമറിൽ ബുദ്ധവിഹാരത്തിനു നേരെ സൈന്യത്തിന്റെ വ്യോമാക്രമണം ; 14 പേർ കൊല്ലപ്പെട്ടു 

 

 മ്യാൻമറിൽ സൈന്യം ബുദ്ധവിഹാരത്തിന് നേർക്ക് നടത്തിയ വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. 20ലധികം പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഒൻപത് മണിയോടെ മ്യാൻമറിലെ സെൻട്രൽ സഗയിങ് മേഖലയിലെ സ്വെൽ ലേ ഓ ഗ്രാമത്തിലെ ബുദ്ധവിഹാരത്തിന് നേർക്കാണ് ആക്രമണമുണ്ടായത്. നൂറിലധികം പേർ ഒരാഴ്ച നീണ്ടുനിൽക്കുന്ന ധ്യാനപരിപാടിയിൽ പങ്കെടുക്കുന്നിടത്തേക്കായിരുന്നു സൈന്യം ബോംബിട്ടത്. സായുധ ഗോത്ര സംഘങ്ങൾക്ക് നേരെ മ്യാൻമർ സൈന്യം നടത്തുന്ന ആക്രമണ പരമ്പരകളുടെ ഭാഗമാണിത്.
ബുദ്ധവിഹാരത്തിന്റെ മതിലിനുള്ളിലേക്ക് യുദ്ധവിമാനം ബോംബ് ഇടുകയായിരുന്നെന്നും പതിനാലുപേർ കൊല്ലപ്പെട്ടതിൽ മൂന്നുപേർ സ്ത്രീകളാണെന്നും മ്യായുങ് ടൗൺഷിപ്പിന്റെ സിവിൽ ഡിഫൻസ് ആൻഡ് സെക്യൂരിറ്റി ഓർഗനൈസേഷൻ്റെ വക്താവ് നവേ ഓ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിനോടു പറഞ്ഞു.

പതിഞ്ചുമിനിറ്റ് വ്യത്യാസത്തിൽ സൈന്യം രണ്ട് ബോംബുകളാണ് ഇട്ടതെന്നും അതിൽ രണ്ടാമത്തേത് ബുദ്ധവിഹാരത്തിന് സമീപത്തെ വീടുകളിലൊന്ന് തകർത്തെന്നും പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു. ജനാധിപത്യവാദികൾക്കും സായുധ ഗോത്ര സംഘങ്ങൾക്കും നേരെ മ്യാൻമർ സൈന്യം നടത്തിവരുന്ന ആക്രമണ പരമ്പരകളുടെ ഭാഗമാണ് ആക്രമണം. 2021 ഫെബ്രുവരിയിൽ അട്ടിമറി നടത്തി പട്ടാളം അധികാരം പിടിച്ചതിൽപിന്നെ മ്യാൻമറിൽ ആഭ്യന്തരസംഘർഷം രൂക്ഷമാണ്.