ഭീകരപ്രവർത്തനവും കൊലപാതകം : മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: സൗദിയിൽ ഭീകരപ്രവർത്തനത്തിലേർപ്പെടുകയും സുരക്ഷാഭടനെയും വിദേശ പൗരനെയും കൊലപ്പെടുത്തുകയും ചെയ്ത മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. ഒരു ഭീകരവാദ സംഘടനയിൽ ചേരുകയും സ്ഫോടകവസ്തുക്കൾ നിർമിക്കുകയും ബെൽറ്റ് ബോംബുകളുമായി ചാവേറാക്രമണം നടത്താൻ പദ്ധതിയിടുകയും ചെയ്ത പ്രതികളുടെ ശിക്ഷ വ്യാഴാഴ്ച അൽ ഖസീം പ്രവിശ്യയിലാണ് നടപ്പാക്കിയത്.
മുസാഅദ് ബിൻ മുഹമ്മദ് ബിൻ അലി അൽ റുബാഇ, അബ്ദുല്ല ബിൻ ഇബ്രാഹിം ബിൻ അബ്ദുൽ അസീസ് അൽ മുഹൈമീദ്, റയാൻ ബിൻ അബ്ദുൽസലാം ബിൻ അലി അൽ റുബാഇ എന്നീ പ്രതികളെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്.
തീവ്രവാദ സംഘടനയിൽ ചേരുക, ബോംബ് ഉൾപ്പടെയുള്ള സ്ഫോടകവസ്തുക്കൾ നിർമിക്കാൻ ആസൂത്രണം ചെയ്യുക, ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വയ്ക്കുക, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുക എന്നിവയാണ് ഇവർ ചെയ്ത കുറ്റകൃത്യങ്ങൾ എന്ന് ആഭ്യന്തര മന്ത്രാലയ അൽ ഖസീം പ്രവിശ്യാകാര്യാലയം അറിയിച്ചു.