'ഇന്ത്യക്കെതിരെ ആയിരത്തിലധികം ചാവേറുകള്‍ തയ്യാര്‍'; മസൂദ് അസ്ഹറിന്റേതെന്ന പേരില്‍ ഭീഷണി സന്ദേശം പുറത്ത്
ഏത് നിമിഷവും ഇന്ത്യയെ ആക്രമിക്കാന്‍ സജ്ജരായി നില്‍ക്കുന്ന ചാവേറുകളുടെ പട തന്റെ പക്കലുണ്ടെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്.
ചാവേറുകളുടെ യഥാര്‍ത്ഥ എണ്ണം താന്‍ വെളിപ്പെടുത്തിയാല്‍ നാളെ ലോകമാധ്യമങ്ങളില്‍ വലിയ വാര്‍ത്താകുമെന്നും ശബ്ദരേഖയിലുണ്ട്.
ഇന്ത്യക്കെതിരെ ചാവേര്‍ ആക്രമണ ഭീഷണി മുഴക്കുന്ന ശബ്ദരേഖ പുറത്ത്. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റേതാണ് ഈ ശബ്ദരേഖ എന്നാണ് നിഗമനം. ഏത് നിമിഷവും ഇന്ത്യയെ ആക്രമിക്കാന്‍ സജ്ജരായി നില്‍ക്കുന്ന ചാവേറുകളുടെ പട തന്റെ പക്കലുണ്ടെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്.
ഒന്നോ, രണ്ടോ അല്ല ആയിരത്തിലധികം ചാവേറുകള്‍ തയ്യാറാണെന്നും ശബ്ദരേഖയില്‍ പറയുന്നു. ചാവേറുകളുടെ ശരിയായ കണക്ക് പുറത്തുവിടുന്നില്ല. ചാവേറുകളുടെ യഥാര്‍ത്ഥ എണ്ണം താന്‍ വെളിപ്പെടുത്തിയാല്‍ നാളെ ലോകമാധ്യമങ്ങളില്‍ വലിയ വാര്‍ത്താകുമെന്നും ശബ്ദരേഖയിലുണ്ട്. അതേസമയം ശബ്ദരേഖയുടെ കാലപ്പഴക്കമോ ആധികാരികതയോ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച അസ്ഹര്‍, ദീര്‍ഘകാലമായി പാകിസ്താനില്‍ ഇരുന്ന് ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തുവരികയാണ്.2001-ലെ പാര്‍ലമെന്റ് ആക്രമണം, 2008-ലെ മുംബൈ ഭീകരാക്രമണം എന്നിവയുടെ പ്രധാന സൂത്രധാരനാണ് അസ്ഹര്‍. ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ ബഹാവല്‍പുരിലുള്ള ജെയ്ഷെ ആസ്ഥാനത്ത് ആക്രമണം നടത്തിയിരുന്നു. ഈ തിരിച്ചടിയില്‍ അസ്ഹറിന്റെ അടുത്ത ബന്ധുക്കള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.