ചർച്ചകളിൽ മുജ്തബ ഖാംനഈ നേരിട്ടിടപെടുന്നുണ്ട് ; ട്രംപ്
വാഷിങ്ടൺ: യു.എസ്-ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളിൽ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഈ നേരിട്ട് പങ്കാളിയാകുന്നതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ പരമോന്നത നേതാവുമായി താൻ നിലവിൽ മികച്ച ധാരണയിലാണെന്നും അനുയോജ്യമായ സമയത്ത് അദ്ദേഹവുമായി നേരിട്ട് കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നതായും ട്രംപ് വ്യക്തമാക്കി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ നിർണായക വെളിപ്പെടുത്തൽ.
സമാധാന ചർച്ചകളിൽ ഖാംനഈയുടെ സാന്നിധ്യം ട്രംപ് സ്ഥിരീകരിച്ചു. "അദ്ദേഹം തീർച്ചയായും ഇതിൽ പങ്കാളിയാണ്. ഇറാനിൽ എല്ലാവർക്കും അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ട്. കാര്യങ്ങൾ അനുകൂലമായാൽ ഞങ്ങൾ തമ്മിൽ ഉടൻ കൂടിക്കാഴ്ചയുണ്ടാകും," ട്രംപ് പറഞ്ഞു. ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഖാംനഈ ഇടപെടുന്നുണ്ടെന്ന യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ട്രംപിന്റെ സ്ഥിരീകരണം.
ഇറാൻ ആണവായുധങ്ങൾ നിർമിക്കില്ലെന്ന വ്യവസ്ഥ ഇതിനകം അംഗീകരിച്ചിട്ടുണ്ടെന്നും ചർച്ചകളിലെ ഏറ്റവും വലിയ പുരോഗതി ഇതാണെന്നും ട്രംപ് അവകാശപ്പെട്ടു. "അവർക്ക് ആണവായുധം നൽകാൻ നമുക്ക് കഴിയില്ല. അതിന് അവർ മുതിരില്ലെന്ന് സമ്മതിച്ചിട്ടുണ്ട്. ഭാവിയിൽ അവർ മനസ്സ് മാറ്റിയേക്കാം, എങ്കിലും നിലവിലെ ഉടമ്പടിയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ്," ട്രംപ് കൂട്ടിച്ചേർത്തു.