ഖമനെയിയുടെ വിലാപ യാത്രാ ചടങ്ങില്‍ പങ്കെടുക്കാതെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനെയി

പുതിയ ഭരണാധികാരിയുടെ ഈ നീണ്ട അസാന്നിധ്യം പലവിധ ഊഹാപോഹങ്ങള്‍ക്കും വഴിതുറന്നിട്ടുണ്ട്.

 

കൊല്ലപ്പെട്ട ഖമനെയി കുടുംബത്തിലെ മറ്റ് നാല് അംഗങ്ങളുടെയും സംസ്‌കാര ചടങ്ങുകള്‍ ഇതോടൊപ്പം നടക്കുന്നുണ്ട്.

ഇറാന്റെ മുന്‍ പരമോന്നത നേതാവും മൊജ്തബയുടെ പിതാവുമായ ആയത്തുള്ള അലി ഖമനെയിയുടെ വിലാപയാത്ര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് ടെഹ്‌റാനില്‍ തടിച്ചുകൂടിയിരിക്കുന്നത്. ചടങ്ങുകള്‍ ഞായറാഴ്ച രണ്ടാം ദിവസത്തിലേക്ക് കടന്നിട്ടും ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനെയി പങ്കെടുക്കുന്നതിനെക്കുറിച്ച് ഇറാന്‍ അധികൃതര്‍ യാതൊരു സൂചനയും നല്‍കിയിട്ടില്ല. ശനിയാഴ്ച മുതല്‍ അലി ഖമനെയിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന 'ഇമാം ഖൊമേനി ഗ്രാന്‍ഡ് മൊസല്ല'യ്ക്ക് പുറത്ത് പുലര്‍ച്ചെ മുതല്‍ തന്നെ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ശനിയാഴ്ചത്തെക്കാള്‍ ശാന്തമായ അന്തരീക്ഷത്തിലാണ് പ്രാര്‍ത്ഥനകള്‍ നടന്നത്. കൊല്ലപ്പെട്ട ഖമനെയി കുടുംബത്തിലെ മറ്റ് നാല് അംഗങ്ങളുടെയും സംസ്‌കാര ചടങ്ങുകള്‍ ഇതോടൊപ്പം നടക്കുന്നുണ്ട്. ഇത്രയും വലിയൊരു ദേശീയ ചടങ്ങ് നടക്കുമ്പോഴും മൊജ്തബ ഖമനെയിയുടെ അസാന്നിധ്യം ശ്രദ്ധേയമാണ്. മൊജ്തബ ചടങ്ങുകളില്‍ എപ്പോഴെങ്കിലും പങ്കെടുക്കുമോ എന്നതിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. സുരക്ഷാ കാരണങ്ങളാല്‍ അവസാന നിമിഷം വരെ ഇത്തരം വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാറുണ്ടെങ്കിലും, പുതിയ ഭരണാധികാരിയുടെ ഈ നീണ്ട അസാന്നിധ്യം പലവിധ ഊഹാപോഹങ്ങള്‍ക്കും വഴിതുറന്നിട്ടുണ്ട്.