നരേന്ദ്ര മോദിയെ പ്രശംസിച്ച് മുൻ പാക് പ്രധാനമന്ത്രി

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. പാകിസ്താൻ മുസ്ലിം ലീഗ് (എൻ) തലവൻ നവാസ് ഷെരീഫിനെ വിമർശിക്കുന്നതിനിടെയാണ്, ഇംറാൻ മോദിയെ പ്രശംസിച്ചത്. നവാസിന് പാകിസ്താന് പുറത്ത് കോടികളുടെ സ്വത്തുക്കളുണ്ടെന്നും അയൽരാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടുപടിക്കണമെന്നും ഇംറാൻ പറഞ്ഞു.

നവാസ് ഒഴികെ ലോകത്തിലെ ഒരു നേതാവിനും കോടികണക്കിന് രൂപയുടെ സ്വത്തുക്കളുണ്ടാകില്ലെന്നും പറയുന്നതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 'രാജ്യത്തിന് പുറത്ത് കോടികണക്കിന് രൂപയുടെ സ്വത്തുകളുള്ള ഒരു നേതാവിനെയോ, പ്രധാനമന്ത്രിയെയോ കുറിച്ച് നിങ്ങൾക്ക് പറയാമോ. നമ്മുടെ അയൽരാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് രാജ്യത്തിന് പുറത്ത് എത്ര സ്വത്തുക്കളുണ്ട്?' -ഇംറാൻ ചോദിക്കുന്നു.

പാർട്ടി പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു ഇംറാന്‍റെ പരാമർശം. യു.എസിന്‍റെ സമ്മർദമുണ്ടായിട്ടും റഷ്യയിൽനിന്ന് കുറഞ്ഞവിലക്ക് ഓയിൽ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ഇംറാൻ നേരത്തെ പ്രശംസിച്ചിരുന്നു.

മൂക്കുകുത്തി വീഴുന്ന സമ്പദ് വ്യവസ്ഥയിൽ തലയില്ലാത്ത കോഴിയെപ്പോലെ ഓടുകയാണ് പാകിസ്താൻ മുസ്ലിം ലീഗ് നേതൃത്വത്തിലുള്ള സർക്കാറെന്നും ഇംറാൻ കുറ്റപ്പെടുത്തി.