കീവിൽ വീണ്ടും മിസൈൽ ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്  

 

 യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ രാത്രികാല മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ നഗരത്തിലെ വിവിധ മേഖലകളിലെ കെട്ടിടങ്ങൾക്കും അടിസ്ഥാനസൗകര്യങ്ങൾക്കും നാശനഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു. 

യുക്രെയ്ൻ വ്യോമസേനയുടെ കണക്കനുസരിച്ച് 269 ഡ്രോണുകളും ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളും ഉൾപ്പെട്ട വലിയ ആക്രമണമാണ് ഉണ്ടായത്. 243 ഡ്രോണുകളും നാല് മിസൈലുകളും തകർക്കുകയോ നിർവീര്യമാക്കുകയോ ചെയ്തതായി യുക്രെയ്ൻ അറിയിച്ചു. മെഡിക്കൽ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മെട്രോ സ്റ്റേഷൻ, വ്യാപാരകേന്ദ്രം, താമസകെട്ടിടങ്ങൾ എന്നിവിടങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.

ആക്രമണത്തെക്കുറിച്ച് റഷ്യൻ പ്രതിരോധ മന്ത്രാലയവും പ്രതികരിച്ചിട്ടുണ്ട്. യുക്രെയ്‌നിലെ സൈനിക ആവശ്യങ്ങൾക്കുള്ള കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നാണ് റഷ്യയുടെ വിശദീകരണം. എന്നാൽ ആക്രമണത്തിൽ സാധാരണക്കാർക്കും പൊതുസ്ഥാപനങ്ങൾക്കും നാശനഷ്ടമുണ്ടായതായാണ് കീവ് അധികൃതർ പറയുന്നത്.