സിറിയയിൽ  ആയുധശേഖരണ കേന്ദ്രത്തിൽ വൻ സ്ഫോടനം; 14 പേർ മരണപ്പെട്ടു 

 

 സിറിയയിലെ വടക്കുപടിഞ്ഞാറൻ ഇദ്ലിബ് പ്രവിശ്യയിൽ ആയുധശേഖരണ കേന്ദ്രത്തിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റതായാണ് സിറിയൻ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തത്. സർമദ നഗരത്തിന് സമീപമുള്ള താൽക്കാലിക ആയുധശേഖരണ കേന്ദ്രത്തിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സ്ഫോടനത്തെ തുടർന്ന് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കാനുള്ള സാധ്യത കണക്കിലെടുത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

സിറിയൻ സിവിൽ ഡിഫൻസിന്റെയും സിറിയൻ റെഡ് ക്രസന്റിന്റെയും സംഘങ്ങൾ സ്ഥലത്തെത്തി തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തി വരുന്നു. ഒരു ദശാബ്‌ദത്തിലേറെ നീണ്ട യുദ്ധവും സംഘർഷങ്ങളും സിറിയയിൽ വലിയ തോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും അവശേഷിക്കാൻ കാരണമായിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.