അമേരിക്കയിൽ ഗ്യാസ് പൈപ്പ്‌ലൈൻ ചോർന്ന് വൻ സ്‌ഫോടനം: 3 മരണം

അമേരിക്കയിലെ ടെക്‌സസ് സംസ്ഥാനത്തുള്ള ഡാളസിൽ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ ശക്തമായ സ്‌ഫോടനത്തിലും തീപിടുത്തത്തിലും ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു.

 

അമേരിക്കയിലെ ടെക്‌സസ് സംസ്ഥാനത്തുള്ള ഡാളസിൽ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ ശക്തമായ സ്‌ഫോടനത്തിലും തീപിടുത്തത്തിലും ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. ഗ്യാസ് പൈപ്പ്‌ലൈനിലുണ്ടായ വാതക ചോർച്ചയാണ് അപകടത്തിന് കാരണമായത്. ഫ്ലാറ്റിന് സമീപം നടന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിലാണ് പ്രകൃതിവാതക പൈപ്പ്‌ലൈൻ തകരാറിലായത്. വിവരമറിഞ്ഞ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തുന്നതിനിടെയായിരുന്നു ദാരുണമായ സ്ഫോടനം സംഭവിച്ചത്. അപകടത്തിൽ രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചതെന്ന് ഡാളസ് ഫയർ-റെസ്ക്യൂ വിഭാഗം സ്ഥിരീകരിച്ചു. കൂടാതെ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.

സ്‌ഫോടനത്തിന്റെ ശക്തമായ ആഘാതത്തിൽ രണ്ട് നിലകളുള്ള അപ്പാർട്ട്‌മെന്റ് സമുച്ചയം പൂർണ്ണമായും തകരുകയും കിലോമീറ്ററുകൾ അകലെയുള്ള വീടുകൾ വരെ കുലുങ്ങുകയും ചെയ്തു. 120-ഓളം അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് ഇവിടെ പടർന്നുപിടിച്ച വൻതീ നിയന്ത്രണവിധേയമാക്കിയത്. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ ഡ്രോണുകളുടെ സഹായത്തോടെ തിരച്ചിൽ തുടരുകയാണ്. സുരക്ഷ മുൻനിർത്തി സമീപത്തെ മറ്റ് കെട്ടിടങ്ങളിൽ നിന്നും താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ വാതക ബന്ധം പൂർണ്ണമായും വിച്ഛേദിച്ചതായും അപകടത്തെക്കുറിച്ച് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.