വിവാഹാഭ്യര്‍ഥന നിരസിച്ചു ;  കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി സ്വയം വെടിവച്ചുമരിച്ചു

സെപ്റ്റംബര്‍ 8ന് ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് രോഹിത് ശാലിനിയെ ആക്രമിച്ചത്. വെടിയേറ്റ ശാലിനി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

 

വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് 22കാരനായ രോഹിത് മാസങ്ങളോളം ശാലിനിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജയായ 38കാരി ശാലിനി താക്കൂറിനെ ഇന്ത്യക്കാരനായ യുവാവ് വെടിവച്ചു കൊലപ്പെടുത്തി. സാക്രമെന്റോയിലെ ജോലി സ്ഥലത്തിന് സമീപമാണ് സംഭവം. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് 22കാരനായ രോഹിത് മാസങ്ങളോളം ശാലിനിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ശാലിനിയുടെ കാറില്‍ ഒളിപ്പിച്ച ആപ്പിള്‍ എയര്‍ടാഗ് ഉപയോഗിച്ച് നിരീക്ഷിച്ചതായും, കാറിന്റെ ടയറുകളില്‍ കൃത്രിമം കാണിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഒരിക്കല്‍ ഇയാള്‍ ശാലിനിയുടെ വീട്ടില്‍ കടന്നുകയറുകയും ചെയ്തിരുന്നു. ഭയന്ന ശാലിനി ഇയാള്‍ക്കെതിരെ കോടതിയില്‍ നിന്ന് സംരക്ഷണ ഉത്തരവ് നേടിയിരുന്നു. എന്നാല്‍ അതിനുശേഷവും പിന്തുടരല്‍ തുടര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

സെപ്റ്റംബര്‍ 8ന് ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് രോഹിത് ശാലിനിയെ ആക്രമിച്ചത്. വെടിയേറ്റ ശാലിനി സംഭവസ്ഥലത്ത് തന്നെ മരിച്ചു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടര്‍ന്നു. ഹൈവേ 50ല്‍ പൊലീസ് വളഞ്ഞതോടെ രോഹിത് സ്വയം വെടിയുതിര്‍ത്ത് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ശാലിനിയുടെ അമ്മ സുദേഷ് കുമാരി, മകളെ പ്രതി ഏകദേശം ഒരു വര്‍ഷത്തോളം പിന്തുടര്‍ന്നിരുന്നതായി വ്യക്തമാക്കി. പ്രായവ്യത്യാസം കാരണം രോഹിത്തിന്റെ വിവാഹാഭ്യര്‍ഥന ശാലിനി നിരസിച്ചിരുന്നതായും അമ്മ വെളിപ്പെടുത്തി.