പാകിസ്ഥാനില്‍ ലഷ്‌കറെ തൊയ്ബ കമാന്‍ഡര്‍ ദുരൂഹമായി കൊല്ലപ്പെട്ടു
ഒരു റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം ഇസ്ലാമാബാദിലെ ഖുബാ പള്ളിയുടെ കവാടത്തില്‍വെച്ച് ഖാരി സയീദ് അബ്ദുല്‍ അസീസ് കുഴഞ്ഞുവീഴുകയായിരുന്നു
30-ലധികം അംഗങ്ങള്‍ 'അജ്ഞാതരുടെ' ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി മറ്റൊരു മുതിര്‍ന്ന ഭീകരന്‍ അവകാശപ്പെട്ട് ദിവസങ്ങള്‍ക്കകമാണ് ഈ സംഭവം നടക്കുന്നത്.
പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കറെ തൊയ്ബ (എല്‍.ഇ.ടി) എന്ന ഭീകര സംഘടനയുടെ മുതിര്‍ന്ന കമാന്‍ഡര്‍ ഇസ്ലാമാബാദില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു.ഖാരി സയീദ് അബ്ദുല്‍ അസീസാണ് മരിച്ചത്. പാകിസ്ഥാനിലും പാകിസ്ഥാന്‍ അധീന ജമ്മു കശ്മീരിലുമായി സംഘടനയുടെ 30-ലധികം അംഗങ്ങള്‍ 'അജ്ഞാതരുടെ' ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി മറ്റൊരു മുതിര്‍ന്ന ഭീകരന്‍ അവകാശപ്പെട്ട് ദിവസങ്ങള്‍ക്കകമാണ് ഈ സംഭവം നടക്കുന്നത്.
എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് അനുസരിച്ച്, ഒരു റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം ഇസ്ലാമാബാദിലെ ഖുബാ പള്ളിയുടെ കവാടത്തില്‍വെച്ച് ഖാരി സയീദ് അബ്ദുല്‍ അസീസ് കുഴഞ്ഞുവീഴുകയായിരുന്നു. പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലെത്തിയതായിരുന്നു . മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്ന ലഷ്‌കറിന്റെ ഒരു വിഭാഗവുമായി അസീസ് ബന്ധപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.