എത്യോപ്യയിലെ മണ്ണിടിച്ചില്‍ : 146 മരണം

 

അഡിസ് അബെബ: എത്യോപ്യയിലെ ഗോസ്ഡി ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 146 പേര്‍ മരിച്ചതായി റിപ്പോർട്ട്. തെക്കന്‍ എത്യോപ്യയിലെ കെഞ്ചോ ഷാച്ച ഗോസ്ഡി ജില്ലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരില്‍ പിഞ്ചുകുഞ്ഞുങ്ങളും ഗര്‍ഭിണികളും ഉണ്ടെന്ന് പ്രാദേശിക ഭരണാധികാരി ദഗ്മാവി അയേലെ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

രക്ഷാപ്രവര്‍ത്തകര്‍ ചെങ്കുത്തായ ഭൂപ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെ വീണ്ടും മണ്ണിടിച്ചിലുണ്ടായതായി ഗോഫ സോണ്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസ് മേധാവി കസഹുന്‍ അബയ്നെ പറഞ്ഞു. നിരവധി പേര്‍ അപകടത്തില്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. ചെളി നിറഞ്ഞ മണ്ണില്‍ നിന്ന് അഞ്ച് പേരെയെങ്കിലും ജീവനോടെ പുറത്തെടുത്തിട്ടുണ്ടെന്ന് അയേലെ പറഞ്ഞു. എത്യോപ്യയില്‍ മഴക്കാലത്ത് മണ്ണിടിച്ചില്‍ സാധാരണമാണ്, ജൂലൈയില്‍ മുതല്‍ സെപ്റ്റംബര്‍ പകുതി വരെ ഇവിടെ അപകടങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നുണ്ട്.