കിയവ് മാപ്പ് പറഞ്ഞതിന് പിന്നാലെ യുക്രെയ്ന് നേരെ നടത്താനിരുന്ന ആക്രമണങ്ങളിൽ നിന്നും പിൻവാങ്ങുന്നു ; ഇറാൻ
തെഹ്റാൻ : കിയവ് മാപ്പ് പറഞ്ഞതിന് പിന്നാലെ യുക്രെയ്ന് നേരെ നടത്താനിരുന്ന ആക്രമണങ്ങളിൽ നിന്നും ഇറാൻ പിൻവാങ്ങിയതായി ഉന്നത ഇറാനിയൻ സൈനിക ഉദ്യോഗസ്ഥൻ. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ മുതിർന്ന സൈനിക ഉപദേഷ്ടാവായ മുഹ്‌സിൻ റെസായിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ ജൂലൈ 25ന് കാസ്പിയൻ കടലിൽ വെച്ച് ഇറാനിയൻ വാണിജ്യ കപ്പലിന് നേരെ യുക്രെയ്ൻ നടത്തിയ ആക്രമണത്തിൽ ഒരു ജീവനക്കാരൻ കൊല്ലപ്പെടുകയും കപ്പലിന് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെത്തുടർന്ന് യുക്രെയ്നിനെതിരെ ശക്തമായ തിരിച്ചടി നൽകാൻ ഇറാൻ സൈന്യം പദ്ധതിയിടുകയും മൂന്ന് പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കുകയും ചെയ്തിരുന്നുവെന്ന് റെസായി വ്യക്തമാക്കി. എന്നാൽ, യുക്രെയ്ൻ അധികൃതർ ഈ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും മാപ്പ് അപേക്ഷിക്കുകയും ചെയ്തതിനെ തുടർന്നാണ് പദ്ധതി മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടയിൽ ഹുർമുസ് കടലിടുക്കിന്റെ സുരക്ഷാ വിഷയത്തിലും റെസായി കടുത്ത മുന്നറിയിപ്പുകൾ നൽകി. ഇറാന്റെ ഔദ്യോഗിക പാതക്ക് പുറമെ മറ്റ് സമുദ്രപാതകൾയിലൂടെയുള്ള കപ്പൽ നീക്കങ്ങൾ അനുവദിക്കില്ലെന്നും, അനധികൃത പാതകൾ ഉപയോഗിക്കാൻ ശ്രമിക്കുന്ന ഏതൊരു ശത്രു നാവിക കപ്പലിനെയും ലക്ഷ്യമിട്ട് ആക്രമിക്കുമെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. കൂടാതെ, സമീപകാലത്ത് അമേരിക്കയുമായുണ്ടായ 17 ദിവസത്തെ സംഘർഷത്തിനിടയിൽ യു.എസ് സൈനികർക്ക് കനത്ത തിരിച്ചടികൾ നൽകാൻ ഇറാനിയൻ സേനക്ക് കഴിഞ്ഞിട്ടുണ്ടെന്നും, വാഷിങ്ടണിന്റെ സൈനിക ലക്ഷ്യങ്ങളെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിലൂടെ പരാജയപ്പെടുത്താൻ സാധിച്ചുവെന്നും അദ്ദേഹം അറിയിച്ചു.