കിം ജോങ് ഉൻ വധിക്കപ്പെടുകയോ സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെടുകയോ ചെയ്താൽ ഉടനടി ആണവാക്രമണം നടത്തും ; ഭരണഘടന ഭേദഗതി ചെയ്ത‌് ഉത്തരകൊറിയ
ഭരണാധികാരി കിം ജോങ് ഉൻ വധിക്കപ്പെടുകയോ സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെടുകയോ ചെയ്താൽ, ശത്രുരാജ്യങ്ങൾക്കെതിരെ ഉത്തരകൊറിയൻ സൈന്യം തനിയെ ആണവാക്രമണം നടത്തും. ഉത്തരകൊറിയൻ ഭരണഘടനയിൽ വരുത്തിയ പുതിയ ഭേദഗതിയിലാണ് ഈ ഞെട്ടിക്കുന്ന വ്യവസ്ഥയുള്ളത്. ഇതോടെ രാജ്യത്തിന്റെ ആണവായുധ ശേഖരം ഒരു ‘ഡെഡ് മാൻ സ്വിച്ച്’ (Dead Man's Switch) സംവിധാനത്തിന് കീഴിലായി മാറിയിരിക്കുകയാണ്. കിം ജോങ് ഉന്നിന്റെ അഭാവത്തിലും രാജ്യത്തിന്റെ ആണവ പ്രത്യാക്രമണ സംവിധാനം തടസ്സമില്ലാതെ പ്രവർത്തിക്കും.
ആണവ നയത്തിലെ മൂന്നാം അനുച്ഛേദത്തിലാണ് മാറ്റം വരുത്തിയത്. ശത്രുക്കൾ രാജ്യത്തിന്റെ ആണവ നിയന്ത്രണ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാൽ, പ്രത്യേക നിർദ്ദേശത്തിന് കാത്തുനിൽക്കാതെ ‘ഉടനടി’ ആണവാക്രമണം തുടങ്ങാൻ സൈന്യത്തിന് അധികാരം നൽകുന്നു. ഭരണാധികാരിയെ വകവരുത്തിയാൽ യുദ്ധം ജയിക്കാമെന്ന ശത്രുക്കളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിൽ.
ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന സുപ്രീം പീപ്പിൾസ് അസംബ്ലി സമ്മേളനത്തിലാണ് ഈ ചരിത്രപരമായ തീരുമാനമുണ്ടായത്. ഇറാൻ പരമോന്നത നേതാവ് അലി ഖാംനഇയും സഹപ്രവർത്തകരും ഇസ്രായേൽ-അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട വാർത്ത കിം ജോങ് ഉന്നിനെ വല്ലാതെ അസ്വസ്ഥനാക്കിയെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. സമാനമായ രീതിയിൽ തന്നെയും ലക്ഷ്യം വെച്ചേക്കാം എന്ന ഭയമാണ് നിയമപരമായ ഈ മുൻകരുതലിലേക്ക് കിമ്മിനെ നയിച്ചത്.
റഷ്യയുടെ പഴയ ‘പെരിമീറ്റർ’ (Dead Hand) സംവിധാനത്തിന് സമാനമാണിത്. ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിച്ച് തന്നെ നിരീക്ഷിക്കാനും വകവരുത്താനും സാധ്യതയുണ്ടെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസിയായ എൻഐഎസ് (NIS) റിപ്പോർട്ട് ചെയ്യുന്നു. കിം ജോങ് ഉൻ ഇല്ലാതായാലും ഉത്തരകൊറിയയുടെ ആണവ പ്രതികാരം തടയാനാകില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ ലോകത്തിന് നൽകുന്നത്.
"ദക്ഷിണ കൊറിയയാണ് രാജ്യത്തിന്റെ മുഖ്യ ശത്രുവെന്ന് പ്രഖ്യാപിച്ച കിം, അവരുമായുള്ള സമാധാന ശ്രമങ്ങൾ നേരത്തെ തന്നെ അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആണവാധികാരം സൈന്യത്തിന് നേരിട്ട് കൈമാറുന്ന രീതിയിൽ നിയമം പരിഷ്കരിച്ചത്."
ഈ പുതിയ നിയമനിർമ്മാണം കൊറിയൻ ഉപദ്വീപിൽ വലിയ രീതിയിലുള്ള ആശങ്കകൾക്കും ചർച്ചകൾക്കും വഴിതെളിച്ചിട്ടുണ്ട്.