ബംഗ്ലാദേശിൽ മാധ്യമപ്രവർത്തകയുടെ മൃതദേഹം തടാകത്തിൽ കണ്ടെത്തി
ധാക്ക: ബംഗ്ലാദേശിൽ 32കാരിയായ മാധ്യമപ്രവർത്തകയുടെ മൃതദേഹം തടാകത്തിൽ കണ്ടെത്തി. ഗാസി ടിവിയുടെ ന്യൂസ് റൂം എഡിറ്ററായ സാറ രഹനുമയെയാണ് ഹതിർജീൽ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരിച്ചത് പോലെ ജിവിക്കുന്നതിനേക്കാൾ നല്ലത് മരണമാണെന്ന് ഇവർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. തടാകത്തിൽ നിന്നും കരക്കെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്ന് ധാക്ക മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഇൻസ്പെക്ടർ ബച്ചു മിയ പറഞ്ഞു. മരണത്തിന് മുമ്പ് സാറ രണ്ട് സ്റ്റാറ്റസുകൾ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.
മരിച്ചതിന് തുല്യമായി ജീവിക്കുന്നതിനേക്കാൾ നല്ലത് മരണമാണെന്നായിരുന്നു ഒന്ന്. സുഹൃത്തായ ഫഹീം ഫയസാലിനെ ടാഗ് ചെയ്തായിരുന്നു മറ്റൊരു പോസ്റ്റ്. ഇത്രയും നല്ലൊരു സുഹൃത്തിന് ലഭിച്ചതിൽ താൻ സന്തോഷവതിയാണെന്നും ദൈവം അനുഗ്രഹിക്കട്ടെയെന്നും ഫഹീമിനെ ടാഗ് ചെയ്തുള്ള സാറയുടെ പോസ്റ്റിൽ പറഞ്ഞു.
നമ്മൾ ഒരുപാട് കാര്യങ്ങൾ പ്ലാൻ ചെയ്തിരുന്നുവെന്നും അതൊന്നും യാഥാർഥ്യമാക്കാൻ സാധിക്കാത്തതിൽ ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞായിരുന്നു പോസ്റ്റ് അവസായിപ്പിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള മറ്റൊരു ക്രൂരമായ ആക്രമണമാണിതെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വസേദ് പറഞ്ഞു. അറസ്റ്റിലായ ഗോലം ദസ്തഗീർ ഗാസിയുടെ ഉടമസ്ഥതയിലുള്ള സെക്യുലർ മീഡിയ ഹൗസിലാണ് സാറ ജോലി ചെയ്തിരുന്നതെന്ന് അദ്ദേഹം എക്‌സിൽ എഴുതി.