ജോ ബൈഡന്‍റെ ഉപദേശക സമിതിയിൽ രണ്ട് ഇന്ത്യൻ വംശജർ കൂടി

 

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഉപദേശക സമിതിയിൽ രണ്ട് ഇന്ത്യൻ വംശജർ കൂടി. ഫ്ലെക്സ് സി.ഇ.ഒ രേവതി അദ്വൈതിയെയും നാചുറൽ റിസോഴ്സ് ഡിഫൻസ് കൗൺസിൽ പ്രസിഡന്‍റും സി.ഇ.ഒയുമായ മനീഷ് ബപ്ന എന്നിവരെയാണ് ട്രേഡ് പോളിസി ആൻഡ് നെഗോസിയേഷൻ അഡ്വൈസറി കമ്മിറ്റിയിലാണ് നിയമിച്ചത്. രേവതി അദ്വൈതി, മനീഷ് ബപ്ന അടക്കം 14 പേരെയാണ് ഉപദേശക സമിതിയിൽ ബൈഡൻ ഉൾപ്പെടുത്തിയത്.

ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ഡിസൈനുകൾ തയാറാക്കുകയും ഉൽപന്നങ്ങൾ നിർമിക്കുകയും ചെയ്യുന്ന രാജ്യാന്തര സ്ഥാപനമാണ് ഫ്ലെക്സ്. 2019 മുതൽ ഫ്ലെക്സിന്‍റെ ഭാഗമായ രേവതി, നിർമാണമേഖലയിൽ പുതിയ മാറ്റങ്ങൾക്ക് കമ്പനിയെ വഴിതെളിച്ച വ്യക്തിയാണ്. സാങ്കേതികവിദ്യയിലെ പുതിയ കണ്ടുപിടിത്തം, വിതരണ ശൃംഖല, വിവിധ വ്യവസായങ്ങളിലും വിപണികളിലും സ്ഥിരതയാർന്ന നിർമാണ പരിഹാരങ്ങൾ എന്നിവയാണ് രേവതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പാരിസ്ഥിതിക നിയമങ്ങൾ പാസാക്കുന്നതിന് നാഴികക്കല്ലായ നിയമ പോരാട്ടങ്ങൾക്കും അടിസ്ഥാന ഗവേഷണങ്ങൾക്കും സുപ്രധാന പങ്കുവഹിച്ച സ്ഥാപനമാണ് നാചുറൽ റിസോഴ്‌സ് ഡിഫൻസ് കൗൺസിൽ (എൻ.ആർ.ഡി.സി). മനീഷ് ബപ്‌ന തന്‍റെ 25 വർഷം നീണ്ട കരിയറിൽ ദാരിദ്ര്യത്തിന്‍റെയും കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും മൂലകാരണങ്ങളെ സമത്വവും സുസ്ഥിരവുമായ തന്ത്രങ്ങൾ ഉപയോഗിച്ച് കൈകാര്യം ചെയ്യുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ച വ്യക്തിയാണ്.