ഇസ്രയേൽ വ്യോമാക്രമണം ; ലെബനനിൽ 5 ദിവസത്തിനിടെ പലായനം ചെയ്തത് 90,000 പേർ

 

ബെയ്‌റൂട്ട്: ലെബനനിൽ അഞ്ചുദിവസത്തിനിടെ പലായനം ചെയ്തത് 90,000 പേർ. യുഎൻ ആണ് കണക്കുപുറത്തുവിട്ടത്. കൂടുതൽ പ്രദേശങ്ങളിലേക്ക് ഇസ്രയേൽ ആക്രമണം വ്യാപിപ്പിച്ചതോടെ, ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ടെൽ അവീവിലെ ആസ്ഥാനത്തിനു നേരെ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതായി ഹിസ്ബുല്ല അവകാശപ്പെട്ടു. റിസർവ് സൈനികരെ ഇസ്രയേൽ തിരികെ വിളിച്ചത്, സംഘർഷം പൂർണയുദ്ധത്തിലേക്കു നീങ്ങുന്നുവെന്ന സൂചന നൽകുന്നു.

ലെബനനിലെ അഞ്ചിടങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടതായും 223 പേർക്കു പരുക്കേറ്റതായും ലബനൻ ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. ഹിസ്ബുല്ലയുടെ 60 ഇന്റലിജൻസ് കേന്ദ്രങ്ങൾ ആക്രമിച്ചെന്നും കനത്ത നാശം വിതച്ചെന്നും ഇസ്രയേൽ അവകാശപ്പെട്ടു. ഇതുവരെ ലക്ഷ്യംവയ്ക്കാത്ത ജിയെ നഗരത്തിലും ആക്രമണം ന‌ടത്തി.

ടെൽ അവീവിനെ ലക്ഷ്യമാക്കിയെത്തിയ ബാലിസ്റ്റിക് മിസൈൽ ആകാശത്തുവച്ചു തകർത്തതായി ഇസ്രയേൽ വക്താവ് പറഞ്ഞു. ജനവാസമേഖലയെ ലക്ഷ്യമിട്ടാണു മിസൈൽ വന്നത്. വടക്കൻ ഇസ്രയേലിലെ ഗലീലി മേഖലയിലേക്കും ഹിസ്ബുല്ല റോക്കറ്റുകൾ തൊടുത്തെങ്കിലും ഇവയിലേറെയും നിർവീര്യമാക്കി. ഏതാനും എണ്ണം ജനവാസ മേഖലയിൽ വീണെങ്കിലും അപായമുണ്ടായില്ല. 2 പതിറ്റാണ്ടിനിടെ ഇസ്രയേൽ നടത്തുന്ന ഏറ്റവും രൂക്ഷമായ ആക്രമണമാണു ലെബനനിലേതെന്നാണ് വിലയിരുത്തൽ. തിങ്കളാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 550 പേർ കൊല്ലപ്പെട്ടിരുന്നു.