ട്രംപിന്റെ ഗ്രീന്‍ സിഗ്‌നല്‍ കിട്ടിയാലുടന്‍ ഇറാനെതിരെ ആക്രമണമെന്ന് ഇസ്രയേല്‍

മേഖലയില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്ന സൂചനയാണ് ഇസ്രയേല്‍ നല്‍കുന്നത്.

 

ഇറാനിലെ സുപ്രധാന ലക്ഷ്യസ്ഥാനങ്ങള്‍ ഇതിനോടകം അടയാളപ്പെടുത്തിക്കഴിഞ്ഞുവെന്നും അടുത്ത ഘട്ടത്തില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി

ഇറാന്‍ യുദ്ധത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നതിനിടയിലും വെല്ലുവിളിയുമായി ഇസ്രയേല്‍. ഇറാനുമായി നേരിട്ടുള്ള യുദ്ധത്തിന് തങ്ങള്‍ സജ്ജമാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പച്ചക്കൊടി ലഭിച്ചാലുടന്‍ ആക്രമണം ആരംഭിക്കുമെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് വ്യക്തമാക്കി.

ഇറാനിലെ സുപ്രധാന ലക്ഷ്യസ്ഥാനങ്ങള്‍ ഇതിനോടകം അടയാളപ്പെടുത്തിക്കഴിഞ്ഞുവെന്നും അടുത്ത ഘട്ടത്തില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ പരമോന്നത നേതാവ് സ്ഥാനം അലങ്കരിക്കുന്ന ഖംനഇ പാരമ്പരക്ക് അന്ത്യം കുറിക്കുമെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി വെല്ലുവിളിച്ചു. ഇതോടെ മേഖലയില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്ന സൂചനയാണ് ഇസ്രയേല്‍ നല്‍കുന്നത്.

ഇറാന്റെ താത്പര്യങ്ങളും അവകാശങ്ങളും പൂര്‍ണ്ണമായി അംഗീകരിച്ചാല്‍ മാത്രമേ അമേരിക്കയുമായുള്ള ചര്‍ച്ചകളുമായി മുന്നോട്ട് പോകൂ എന്ന് ഇറാന്റെ നിലപാട്. പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫാണ് ഇന്നലെ നിലപാട് വ്യക്തമാക്കിയത്. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം നീക്കാതെ ഹോര്‍മൂസ് കടലിടുക്ക് തുറന്നുകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.