30 പലസ്തീന്‍ തടവുകാരുടെ മൃതദേഹങ്ങള്‍ കൈമാറി ഇസ്രയേല്‍; മൃതദേഹങ്ങളില്‍ പീഡനങ്ങളുടെ അടയാളങ്ങള്‍

പല മൃതദേഹങ്ങളുടേയും കൈകള്‍ ബന്ധിച്ച നിലയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

ഒക്ടോബര്‍ ഏഴ് ആക്രമണത്തിനിടെ ഇസ്രയേലില്‍ വച്ച് കൊല്ലപ്പെട്ടവരുടെ മൃതദേഹമാണോ കൈമാറിയതെന്ന് വ്യക്തമായിട്ടില്ല.

30 പലസ്തീന്‍ തടവുകാരുടെ മൃതദേഹങ്ങള്‍ ഗാസയ്ക്ക് കൈമാറി ഇസ്രയേല്‍. പീഡനത്തിന്റെ അടയാളങ്ങള്‍ മൃതദേഹങ്ങളിലുള്ളതായാണ് സൂചന. ഒക്ടോബര്‍ ഏഴ് ആക്രമണത്തിനിടെ ഇസ്രയേലില്‍ വച്ച് കൊല്ലപ്പെട്ടവരുടെ മൃതദേഹമാണോ കൈമാറിയതെന്ന് വ്യക്തമായിട്ടില്ല. മൃതദേഹങ്ങളില്‍ പലതിലും ആഴത്തിലുള്ള മുറിവുകളും പൊള്ളലേറ്റതിന്റെ അടയാളങ്ങളും വധശിക്ഷ നടപ്പിലാക്കിയതിന്റെ ലക്ഷണങ്ങളും കാണാമെന്ന് ആരോഗ്യപ്രവര്‍ത്തകരെ ഉദ്ധരിച്ചുകൊണ്ട് ദി നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പല മൃതദേഹങ്ങളുടേയും കൈകള്‍ ബന്ധിച്ച നിലയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പലരുടേയും കണ്ണുകള്‍ മൂടിക്കെട്ടിയ നിലയിലാണ്. മൃതദേഹങ്ങള്‍ വികൃതമാക്കിയതിനാല്‍ ബന്ധുക്കള്‍ക്ക് കൃത്യമായി തിരിച്ചറിയാന്‍ പോലുമാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ ഏഴ് ആക്രമണത്തിന് പിന്നാലെ പിടികൂടിയവരുടെ മൃതദേഹങ്ങളാണ് കൈമാറിയതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. 225 പലസ്തീനികളുടെ മൃതദേഹങ്ങളാണ് ഇസ്രയേല്‍ ഇതുവരെ ഗാസയ്ക്ക് കൈമാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രണ്ട് ബന്ദികളുടെ മൃതദേഹങ്ങള്‍ കൂടി ഹമാസ് ഇസ്രയേലിന് കൈമാറിയിരുന്നു.