ഇസ്രായേൽ പ്രതിരോധസേനയുടെ മുതിർന്ന അഭിഭാഷക പദവി രാജിവെച്ചു  

 

തെൽ അവീവ്: ഇസ്രായേൽ പ്രതിരോധസേനയുടെ മുതിർന്ന അഭിഭാഷക മേജർ ജനറൽ യിഫാത് തോമർ യെരുഷാൽമി പദവി രാജിവെച്ചു. ഫലസ്തീൻ യുവാവിനെ ഇസ്രായേൽ സൈനികർ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടതിൽ ആരോപണവിധേയയായതിന് പിന്നാലെയാണ് രാജി. കഴിഞ്ഞ വർഷമാണ് ഇസ്രായേൽ സൈനികർ ഫലസ്തീനികളെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.

സംഭവത്തിന് പിന്നാലെ ഇസ്രായേൽ പൊലീസ് ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് അവർ ഐ.ഡി.എഫിൽ നിന്നും അവധിയിൽ പോകുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിൽ യെരുഷാൽമിയെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ചയാണ് അവർ രാജിക്കത്ത് സമർപ്പിച്ചത്. ഐ.ഡി.എഫ് മേധാവി ലഫ്റ്റനന്റ് ജനറൽ ഇയാൽ സാമിറിന് മുമ്പാകെയാണ് രാജിക്കത്ത് നൽകിയത്.

കൂടിക്കാഴ്ചക്കിടെ താനാണ് വിഡിയോ പുറത്തുവിട്ടതെന്ന് യെരുഷാൽമി സമ്മതിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, യെരുഷാൽമിയെ ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി അറിയിച്ചിരുന്നു. എന്നാൽ, പ്രതിരോധമന്ത്രിക്ക് അതിനുള്ള അധികാരമെന്താണെന്ന ചോദ്യവും ഉയരുന്നുണ്ട്.