ലബനാനിൽ ഒരാഴ്ചയ്ക്കിടെ മൂന്ന് ആശുപത്രികൾക്ക് നേരെ ഇസ്രായേൽ ആക്രമണം

ലബനാനിലെ ജനവാസ മേഖലകളെയും ആശുപത്രികളെയും ലക്ഷ്യമിട്ടുള്ള ഇസ്രായേൽ ആക്രമണം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക്. ദക്ഷിണ ലബനാനിൽ ഒരാഴ്ചക്കുള്ളിൽ മൂന്ന്
 

 ബൈറൂത് : ലബനാനിലെ ജനവാസ മേഖലകളെയും ആശുപത്രികളെയും ലക്ഷ്യമിട്ടുള്ള ഇസ്രായേൽ ആക്രമണം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക്. ദക്ഷിണ ലബനാനിൽ ഒരാഴ്ചക്കുള്ളിൽ മൂന്ന് പ്രധാന ആശുപത്രികൾക്ക് നേരെ ഇസ്രായേൽ സേന വ്യോമാക്രമണം നടത്തിയതായി ലബനീസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആക്രമണങ്ങളിൽ മെഡിക്കൽ ജീവനക്കാരടക്കം ഒമ്പത് പേർ കൊല്ലപ്പെടുകയും നൂറ്റമ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ബുധനാഴ്ച തെബ്‌നൈനിലെ പബ്ലിക് ആശുപത്രിക്ക് തൊട്ടടുത്താണ് ഇസ്രായേൽ ഒടുവിലായി ആക്രമണം നടത്തിയത്. ഇതിന് ദിവസങ്ങൾക്ക് മുമ്പ് ടൈറിലെ ഹീരാം, ജബൽ അമേൽ ആശുപത്രികൾക്ക് സമീപവും ശക്തമായ ബോംബാക്രമണം ഉണ്ടായിരുന്നു. തിങ്കളാഴ്ച ജബൽ അമേൽ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ മാത്രം നാല് പേർ കൊല്ലപ്പെടുകയും ഭൂരിഭാഗവും ആരോഗ്യപ്രവർത്തകരായ 127 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ആക്രമണത്തെ തുടർന്ന് ജബൽ അമേൽ ആശുപത്രിയിലെ വൈദ്യുതി പൂർണമായി നിലക്കുകയും തീവ്രപരിചരണ വിഭാഗം ഉൾപ്പെടെയുള്ള ഒന്നാം നില തകരുകയും ചെയ്തു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിഞ്ഞിരുന്ന രോഗികളെ അതീവ ഗുരുതരാവസ്ഥയിലാണ് ജീവനക്കാർ ഇവിടെ നിന്നും മാറ്റിയത്. എന്നാൽ, വലിയ നാശനഷ്ടങ്ങൾക്കിടയിലും ആശുപത്രിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഡോക്ടർമാരും നഴ്സുമാരും തയാറായിട്ടില്ല. ആക്രമണം നടന്ന ദിവസം തന്നെ രണ്ട് പ്രസവങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായും പരിക്കേറ്റവർക്ക് തുടർന്നും ചികിത്സ നൽകുമെന്നും ആശുപത്രി ഡയറക്ടർ വാൽ മ്രൂവെ വ്യക്തമാക്കി.