ഗസ്സയിൽ അഭയാർഥി ടെന്റുകൾക്കു നേരെ ഇസ്രായേൽ ആക്രമണം

ഗസ്സ: ഗസ്സയിലെ ആശുപത്രി വളപ്പിൽ അഭയാർഥികളും മാധ്യമ പ്രവർത്തകരും താമസിക്കുന്ന ടെന്റുകൾക്കുനേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. ദേർ അൽ ബലാഹിലെ അൽഅഖ്സ ആശുപത്രിവളപ്പിലാണ് ആക്രമണം നടത്തിയത്.
 
ഇസ്രായേലിന്റെ ഗസ്സ ആക്രമണം തുടങ്ങിയതുമുതൽ പലായനം ചെയ്ത ആയിരക്കണക്കിനാളുകൾ ടെന്റുകളിൽ താമസിക്കുന്നത് ഇവിടെയാണ്. മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ ടെന്റുകളും ഇവിടെയുണ്ട്. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ ശിഫ ആശുപത്രിയിലും രണ്ടാഴ്ചയായി ഇസ്രായേൽ സൈന്യം ആക്രമണം തുടരുകയാണ്. 24 മണിക്കൂറിനിടെ 77 പേർ കൊല്ലപ്പെടുകയും 108 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതിനിടെ ലബനാനിലെ ഹിസ്ബുല്ല പോരാളികൾ അധിനിവിഷ്ട ഷെബാ ഫാമിലെ ഇസ്രായേലിന്റെ ബർഖ്ത പീരങ്കിപ്പടക്കും സൈനികർക്കും നേരെ വ്യോമാക്രമണം നടത്തി.ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും ഈജിപ്തും ജോർഡനും ഫ്രാൻസും ആവശ്യപ്പെട്ടു. ഈജിപ്ഷ്യൻ തലസ്ഥാനമായ കൈറോയിൽ നയതന്ത്രജ്ഞരുടെ കൂടിക്കാഴ്ചക്ക് ശേഷമാണ് ആവശ്യം ഉന്നയിച്ചത്.