അൽ അഖ്സ പള്ളിയിലെ ബാങ്കുവിളി നിരോധിക്കാൻ നിയമനിർമാണ നീക്കവുമായി ഇസ്രയേൽ

 മസ്ജിദുൽ അഖ്സ അടക്കം കിഴക്കൻ ജറുസലേമിലെയും ഇസ്രയേലിലെ അറബ് നഗരങ്ങളിലെയും പള്ളികളിൽ നന്നുള്ള ബാങ്ക് വിളി നിരോധിക്കാൻ ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്റെ പുതിയ നിയമനിർമാണ
 

 മസ്ജിദുൽ അഖ്സ അടക്കം കിഴക്കൻ ജറുസലേമിലെയും ഇസ്രയേലിലെ അറബ് നഗരങ്ങളിലെയും പള്ളികളിൽ നന്നുള്ള ബാങ്ക് വിളി നിരോധിക്കാൻ ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്റെ പുതിയ നിയമനിർമാണ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി അൽ അഖ്സ ഇമാം ശൈഖ് ഇക്രിമ സബ്രി. ബാങ്ക് വിളി നിരോധിക്കാനുള്ള മുൻ ശ്രമങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇസ്രയേൽ നിയമനിർമാണം നടത്തുന്നതെന്നും ബാങ്ക് വിളി ഇല്ലാതാക്കാനുള്ള ഈ നീക്കം അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ പാർട്ടിയായ ഒറ്റ്സ്മ യെഹൂദിത് സമർപ്പിച്ച ബില്ലിന് ഇസ്രായേൽ പാർലമെന്റിലെ നിയമനിർമ്മാണ സമിതി കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. ബിൽ നിയമമായാൽ പള്ളികളിൽ ശബ്ദസംവിധാനങ്ങൾ സ്ഥാപിക്കുന്നതിനോ പ്രവർത്തിപ്പിക്കുന്നതിനോ പ്രത്യേക പെർമിറ്റ് ആവശ്യമാവും. ശബ്ദത്തിന്റെ തീവ്രതയും ജനവാസ കേന്ദ്രങ്ങളുമായുള്ള സാമീപ്യവും കണക്കിലെടുത്തായിരിക്കും പെർമിറ്റുകൾ അനുവദിക്കുക. നിയമം ലംഘിക്കുന്ന സാഹചര്യങ്ങളിൽ ഉച്ചഭാഷിണികൾ പിടിച്ചെടുക്കാനും പിഴ ഈടാക്കാനും പോലീസിന് അധികാരം നൽകുന്നതാണ് പുതിയ ബിൽ.

എന്നാൽ, ഒരു അധിനിവേശ ശക്തി എന്ന നിലയിൽ ഇസ്രായേലിന് കാലങ്ങളായി നിലനിൽക്കുന്നതും ഇപ്പോൾ തുടർന്നു പോരുന്നതുമായ  സ്ഥിതിഗതികളിൽ മാറ്റം വരുത്താൻ യാതൊരു അവകാശവുമില്ലെന്ന് ശൈഖ് സബ്രി പറഞ്ഞു. അധിനിവേശത്തിന് മുമ്പ് രാജ്യത്ത് നിലവിലുണ്ടായിരുന്ന നിയമങ്ങൾക്ക് വിരുദ്ധമായ നിയമങ്ങൾ നിർമിക്കാൻ അവർക്ക് കഴിയില്ല. ബാങ്ക് വിളിയെ ഒരു ശല്യമായോ അനാവശ്യ ശബ്ദമായോ കണക്കാക്കാൻ ഇസ്രായേൽ അധികാരികൾക്ക് അവകാശമില്ലെന്നും, യഥാർത്ഥത്തിൽ അധിനിവേശക്കാരുടെ യുദ്ധോപകരണങ്ങളിൽ നിന്നാണ് ഏറ്റവും വലിയ ശബ്ദശല്യം ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിൽ നിയമമായി മാറണമെങ്കിൽ ഇസ്രായേൽ പാർലമെന്റിന്റെ അന്തിമ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.